
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിമാസം പത്ത് കോടി രൂപയാണ് ഡിസൽ വില വർദ്ധനയെ തുടർന്നുള്ള കോര്‍പ്പറേഷന്‍റെ അധികബാധ്യത. കെഎസ്ആര്‍ടിസിയിലെ ഒരുമാസത്തെ പെൻഷനും രണ്ട് മാസത്തെ ശമ്പളവും സർക്കാറാണ് നൽകിയത്. കോര്‍പ്പറേഷന്‍റെ പുനരുദ്ധാരണത്തിനായി പ്രഖ്യാപിച്ച തുക നൽകാനോ ചുരുങ്ങിയ തുകയ്ക്ക് വായ്പ ലഭ്യമാക്കാനോ മുൻ സർക്കാർ തയ്യാറായില്ല
.ബാങ്ക് കണസോഷ്യത്തിൽ നിന്നുമുള്ള വായ്പ ഫെബ്രുവരിയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പാ ലഭിക്കുന്നതോടെ തിരിച്ചടവിൽ പ്രതിമാസം 60 കോടി രൂപയുടെ കുറവുണ്ടാകും.
പെൻഷൻ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയെന്ന വാർത്ത ശരിയല്ല. പെൻഷൻ ബാധ്യത പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടാകും
പെൻഷനും ശമ്പളവും കൊടുക്കാൻ തന്നെയാണ് നടപടിയെടുക്കുന്നത്. പെൻഷൻ തുക പൂർണമായും നൽകും.താല്‍കാലികമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ സര്‍ക്കാരും കടന്നു പോകുകയാണ് അതുകൊണ്ടാണ് കുടിശ്ശിക കൂടിയത്. പെന്‍ഷന്‍ഫണ്ടിന് വേണ്ട പണം കെഎസ്ആര്‍ടിസിയില്‍ നിന്നും തന്നെ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുശീല്‍ഖന്ന റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി കോര്‍പ്പറേഷനെ നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കുടിശ്ശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നും, ബാധ്യതകള്‍ തീര്‍ക്കാക്കാന്‍ ഭൂമിയടക്കമുള്ള സ്വത്തുകള്‍ വില്‍ക്കണമെന്നുമുള്ള നിര്‍ദേശങ്ങളും സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലുണ്ടെന്നും ഇതൊക്കെ നടപ്പാക്കുവാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഖന്ന റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദേശങ്ങളും അതേപോലെ നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ നയങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പരിഷ്കരണം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും ആറു മാസമായി വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ്. തിരുവഞ്ചൂര്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ആറ് മാസത്തിനിടെ പത്ത് പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്ത സംഭവവും അടിയന്തര പ്രമേയത്തില്‍ തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയെങ്കിലും പെന്‍ഷന്‍ക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ധനമന്ത്രി സഭയില്‍ ഇല്ലാത്തതിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam