മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്ന് ലാലി ജെയിംസ്. ആദ്യഘട്ട ചർച്ചകളിൽ തൻ്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാൻ പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാധാകൃഷ്ണനാണെന്നും ലാലി ജെയിംസ് നമസ്തേ കേരളത്തിൽ.
തൃശൂർ: തൃശൂർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. മേയർ പദവി ലഭിക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പിയെന്നും ലാലി ജെയിംസ് പറഞ്ഞു. മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യഘട്ട ചർച്ചകളിൽ തൻ്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാൻ തന്നോട് പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാധാകൃഷ്ണനാണെന്നും ലാലി ജെയിംസ് പറഞ്ഞു. നമസ്തേ കേരളത്തിലാണ് ലാലി ജെയിംസിൻ്റെ ഗുരുതര ആരോപണം. ഇന്നലെയാണ് തൃശൂരിൽ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റത്. മേയർ പദവി ലഭിക്കാത്തതിൽ ലാലി ജെയിംസ് അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
വളരെ സന്തോഷത്തോടെയാണ് സസ്പെൻഷൻ വാർത്ത കേട്ടത്. മാധ്യമങ്ങൾ മുഖേനയാണ് വിവരം അറിഞ്ഞത്. തനിക്ക് സസ്പെൻഷനുമായി ബന്ധപ്പെട്ട് ഒരു അറിവും ലഭിച്ചിട്ടില്ല. തന്നെ വിളിച്ച് കാരണം കാണിക്കൽ നോട്ടീസ് തന്ന് സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. ഡിസിസി പ്രസിഡൻ്റിൻ്റെ പക്വതയില്ലായ്മ കോൺഗ്രസ് പാർട്ടിക്ക് എത്രത്തോളം ഉപകരിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം ആദ്യമായാണ് ഡിസിസി പ്രസിഡൻ്റ് ആവുന്നത്. നേരത്തെ ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവായിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ പഠിക്കണമായിരുന്നുവെന്ന് ലാലി ജെയിംസ് പറഞ്ഞു. തന്റെ വേദനയും പ്രതിഷേധവും വെറും സ്ഥാനമോഹി എന്ന നിലയിലല്ല. അനീതിക്കെതിരെ ശക്തമായി പോരാടുന്ന താൻ ഇവിടെ അനീതി നടന്നുവെന്നത് പൊതുജനങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് ലാലി ജെയിംസ് പറഞ്ഞു.
20-ാം തിയ്യതി വരെയും തൻ്റെ പേര് മുന്നിൽ വന്നിരുന്നു. സാമുദായിക സന്തുലനം നോക്കി ആർസി ക്രിസ്ത്യനിലേക്കാണ് വന്നത്. നാലുതവണ വിജയിച്ച്, ലാലൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെയാണ് താൻ വിജയിച്ചത്. അവിടെ മത്സരിക്കാൻ ആരും തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാൻ മത്സരിച്ചത്. വലിയ പ്രതീക്ഷകളാണ് പാർട്ടി തന്നത്. 20വരെ മൂന്നുപേരെ പരിഗണിക്കുന്നുവെന്നും കൂടുതൽ പരിഗണന ലാലിക്കാണ് എന്നും അറിഞ്ഞു. എന്നാൽ 24മണിക്കൂറിനുള്ളിൽ അത് അട്ടിമറിക്കപ്പെട്ടപ്പോൾ അതിൽ അനീതിയുണ്ടെന്നാണ് കരുതുന്നത്. ഇതിന് പിന്നിൽ പാർട്ടി ഫണ്ടോ മറ്റോ ആവാം. തൃശൂരിൽ നിന്ന് ചിലരെല്ലാം പറഞ്ഞത് പണം നൽകി മേയർ സ്ഥാനത്തിന് ശ്രമം നടക്കുന്നുണ്ടെന്നാണ്. ഇങ്ങനെയൊരു തീരുമാനം വന്നാൽ വേദനിക്കരുതെന്ന് പലരും പറഞ്ഞു. അനീതിയാണെന്ന് കണ്ടപ്പോൾ ഞാൻ പ്രതികരിച്ചു. പിന്നീട് രാത്രിയാണ് സസ്പെൻഷൻ അറിഞ്ഞത്. തന്നോട് മേയറാവാൻ പാർട്ടി ഫണ്ട് തരണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. വ്യക്തിപരമായ കാര്യത്തിനല്ലെന്നും പാർട്ടിക്ക് ചലിക്കാനാണ് ഫണ്ടെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. അങ്ങനെ കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. പണം എത്രയാണെന്ന് പറഞ്ഞില്ല. പണം നൽകാൻ കഴിയാത്തത് കൊണ്ട് താനൊരിക്കലും കുറയുന്നില്ല. 20വരെ താൻ മുന്നിലായിരുന്നു. ഇതിന് ശേഷമാണ് മറ്റു തീരുമാനങ്ങൾ അറിഞ്ഞത്. പണവുമായി നിജിയും ഭർത്താവും പോയി കണ്ടെന്ന് പലരും പറഞ്ഞു. എന്നാൽ താനത് കണ്ടിട്ടില്ല. പറഞ്ഞുകേട്ടതാണെന്നും ലാലി ജെയിംസ് പറഞ്ഞു.
അതേസമയം, തൃശൂർ മേയർ സ്ഥാന വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റേതാണ് നടപടി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തനിക്ക് അറിവൊന്നും ലഭിച്ചിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.



