കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് പുതിയ 73 സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

By G R ANURAJFirst Published May 29, 2017, 5:48 PM IST
Highlights

ജി ആര്‍ അനുരാജ്

തിരുവനന്തപുരം: കര്‍ണാടകയിലേക്ക് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് 73 പുതിയ ബസ് സര്‍വ്വീസുകള്‍ തുടങ്ങാന്‍ കെ എസ് ആര്‍ ടി സി തയ്യാറെടുക്കുന്നു. പുതിയ സര്‍വ്വീസുകളുടെ സമയക്രമവും റൂട്ടും നിശ്ചയിച്ചതായി കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഓഫ് ഓപ്പറേഷന്‍സ് ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. കര്‍ണാടകയിലേക്ക് സര്‍വ്വീസ് നടത്തുന്ന പുതിയ 73 ബസുകളില്‍ 17 എണ്ണം ഓര്‍ഡനറി സര്‍വ്വീസുകളായിരിക്കും. ഏഴ് ഫാസ്റ്റ് പാസഞ്ചറുകളും 18 സൂപ്പര്‍ ഫാസ്റ്റുകളും ആറു സൂപ്പര്‍ എക്‌സ്‌പ്രസുകളും 11 സൂപ്പര്‍ ഡീലക്‌സുകളുമായിരിക്കും പുതിയതായി ഓടുന്നത്. 2016ലെ കേരള-കര്‍ണാടക അന്തര്‍സംസ്ഥാന ഗതാഗതകരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. പുതിയ സര്‍വ്വീസുകളില്‍ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ ലഭ്യമാകുമെന്നും ജി അനില്‍കുമാര്‍ പറഞ്ഞു.

ബംഗളുരു, മംഗളുരു, മൈസൂര്‍, കൊല്ലൂര്‍, വിരാജ്പേട്ട്, കെ ആര്‍ നഗര്‍, കൊല്ലഗല്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ വരുന്നത്. ഇതില്‍ കാഞ്ഞങ്ങാട്-മംഗലാപുരം, കോഴിക്കോട്-മൈസൂര്‍ റൂട്ടുകളില്‍ ചെയിന്‍ സര്‍വ്വീസുകളും ഉള്‍പ്പെടുന്നു. കാഞ്ഞങ്ങാട്-മംഗലാപുരം ഓര്‍ഡിനറി ബസുകള്‍ ചെയിന്‍ സര്‍വ്വീസായി ഓടും.

കോഴിക്കോട് നിന്ന് നാലു സൂപ്പര്‍ എക്‌സ്‌പ്രസ് ബസുകള്‍ ബംഗളുരുവിലേക്ക് സര്‍വ്വീസ് നടത്തും. പുഷ്ബാക്ക് സീറ്റുകളുള്ള ബസുകളായിരിക്കും കോഴിക്കോട്-ബംഗളുരു റൂട്ടില്‍ സര്‍വ്വീസ് നടത്തുക. ഈ സര്‍വ്വീസുകള്‍ കൂടി വരുന്നതോടെ, ബംഗളുരുവില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം 50 കടക്കും.

കൊടുങ്ങല്ലൂരില്‍നിന്ന് പുതിയ സൂപ്പര്‍ ഡീലക്‌സ് ബസ് കൊല്ലൂരിലേക്ക് സര്‍വ്വീസ് നടത്തും. കോഴിക്കോട് നിന്ന് വിരാജ് പേട്ടിലേക്കും പത്തനംതിട്ടയില്‍നിന്ന് മൈസൂരിലേക്കും പുതിയ സര്‍വ്വീസുകളുണ്ട്. ആലപ്പുഴ, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് മൈസൂരിലേക്ക് പുതിയ സര്‍വ്വീസുകളുണ്ട്.

പ്രതിദിനം ആയിരകണക്കിന് മലയാളികളാണ് കര്‍ണാടകയിലെ ബംഗളുരു ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് കെ എസ് ആര്‍ ടി സി കൈക്കൊണ്ടിരിക്കുന്നത്. സ്വകാര്യബസുകള്‍ കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കി കൊള്ളലാഭം കൊയ്യുമ്പോള്‍, കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് ഗുണകരമായിരിക്കുമെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. ബംഗളുരുവിലും മറ്റും ഐടി മേഖലയില്‍ ജോലി ചെയ്യുകയും കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠിക്കുകയും ചെയ്യുന്ന മലയാളികള്‍ക്കാണ് പുതിയ സര്‍വ്വീസുകളുടെ ഗുണം ലഭിക്കുക.

click me!