
വയനാട്: വയനാട് എംപിയായിരിക്കെ അന്തരിച്ച എം ഐ ഷാനവാസിന്‍റെ മകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ഒരുഭാഗത്ത് ശക്തമാകുന്പോള്‍ പരോക്ഷമായി എതിര്‍പ്പ് പ്രകടിപ്പിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് രംഗത്തെത്തി. തിരുത്തൽ വാദത്തിന് നേതൃത്വംകൊടുത്ത എം ഐ ഷാനവാസിന്റെ മകൾ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇരു കൈകൾ നീട്ടി സ്വാഗതം ചെയ്യുന്നു എന്ന പറഞ്ഞ അഭിജിത്ത് പക്ഷേ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് പോലെ 100% വിജയസാധ്യതയുള്ള മണ്ഡലത്തിൽ പാർട്ടിപ്രവർത്തകരുടെ വികാരം ഉൾകൊള്ളാതെ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പാടില്ലെന്ന് കൃത്യമായി പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അഭിജിത്തിന്‍റെ കുറിപ്പ്
കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു ബഹു.എം.ഐ ഷാനവാസ്. കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വ പദവികൾ വഹിച്ചുകൊണ്ട് പ്രതിസന്ധിയിൽ പാർട്ടിയെ കെട്ടിപ്പടുക്കാൻ നേതൃത്വം കൊടുത്ത നേതാവ് കൂടിയാണ് അദ്ദേഹം. ഒരുപക്ഷേ കേരളത്തിലെ കോൺഗ്രസ്സ് ചരിത്രത്തിൽ തിരുത്തൽവാദ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് എം.ഐ. ബഹു.എം.ഐ ഷാനവാസിന്റ വിയോഗം കോൺഗ്രസ്സ് പാർട്ടിക്ക്, വിശിഷ്യാ മലബാറിലെ കോൺഗ്രസ്സ് പാർട്ടിക്കും ജനങ്ങൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചത് ... മറ്റൊരു പാർലമെൻറ് തിരഞ്ഞെടുപ്പുകാലത്ത് എം.ഐ ഷാനവാസിന്റ വിയോഗം പാർട്ടിക്കും സമൂഹത്തിനും എത്രമാത്രം നഷ്ടമാണുണ്ടാക്കിയതെന്ന് തിരിച്ചറിയപ്പെടുകയാണ്.. കെ.എസ്.യു.വിന് യൂത്ത് കോൺഗ്രസ്സിന്, കോൺഗ്രസ്സിന് പ്രതിസന്ധികളിൽ കൈത്താങ്ങായ എം.ഐ ക്ക് പകരം മറ്റൊരു പകരക്കാരനെ പാർട്ടി നേതൃത്വം കണ്ടെത്തും എന്ന കാര്യത്തിൽ തർക്കമില്ല... പക്ഷെ അറിഞ്ഞോ അറിയാതെയോ വയനാട് പാർലമെൻറ് സീറ്റിൽ അദ്ദേഹത്തിൻറെ മകളുടെ പേര് വരെ ചർച്ച ചെയ്യപ്പെടുന്നത് കണ്ടു... തിരുത്തൽ വാദത്തിന് നേതൃത്വംകൊടുത്ത എം.ഐ ഷാനവാസിന്റെ മകൾ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇരു കൈകൾ നീട്ടി സ്വാഗതം ചെയ്യുന്നു... പക്ഷേ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് പോലെ 100% വിജയസാധ്യതയുള്ള മണ്ഡലത്തിൽ പാർട്ടിപ്രവർത്തകരുടെ,ജനങ്ങളുടെ വികാരം ഉൾകൊള്ളാതെ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പാടില്ലെന്ന് കൃത്യമായി പാർട്ടി നേതൃത്വത്തെ അറിയിക്കും.. വ്യക്തി ജീവിതത്തിൽ നിന്ന് പാർട്ടിയെ കെട്ടിപ്പടുക്കാൻ വേണ്ടി എം.ഐയുടെ മകൾ കടന്നു വരുമ്പോൾ പരിപൂർണ്ണ പിന്തുണയുമായി അവർക്കൊപ്പം ഞാനുൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകർ ഉണ്ടാകും.. അതുകൊണ്ട് പാർട്ടിയിൽ പ്രവർത്തിക്കാൻ അവർ തയ്യാറായാൽ കൃത്യമായ പാർട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നു അവരുടെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടി ഒരുക്കണമെന്നും ബഹു. പാർട്ടി നേതാക്കളെ അറിയിക്കും. ബഹുമാനപ്പെട്ട എ.ഐ.സി.സി പ്രസിഡണ്ട് ശ്രീ.രാഹുൽഗാന്ധി സൂചിപ്പിച്ച പോലെ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നട്ടെല്ലായ ബൂത്ത് തല പ്രവർത്തകരുടെ കൂടി വികാരം ഉൾക്കൊണ്ട് വയനാടിൻറെ കാര്യത്തിൽ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam