ലോ അക്കാദമി ക്യാമ്പസിലെ ലക്ഷ്മി നായരുടെ ഹോട്ടല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു

By Web DeskFirst Published Feb 7, 2017, 8:35 AM IST
Highlights

ലോ അക്കാദമി ഭൂമി വിവാദം കത്തിപ്പടരുകയാണ്. ഉന്നതതലങ്ങളിലെ സമ്മര്‍ദ്ദം മൂലം അന്തിമ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റവന്യുമന്ത്രിയുടെ ഇടപെടല്‍. അക്കാദമി ഭൂമിയിലെ ചട്ടലംഘനം അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടാണ് തഹസില്‍ദാറും ലാന്‍ഡ് റവന്യും ഡെപ്യൂട്ടി കലക്ടറും കലക്ടര്‍ക്ക് കൈമാറിയത്. എന്നാല്‍ കലക്ടര്‍ ഇതുവരെ റവന്യൂ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയില്ല. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേലാണ് സര്‍ക്കാറിന്റെ  തുടര്‍നടപടി പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍. 

റവന്യുസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശയും അതിലുള്ള മന്ത്രിസഭാ യോഗ തീരുമാനവുമാണ് നിര്‍ണ്ണായകം. ഇന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാനിടയുണ്ട്. അങ്ങിനെയെങ്കില്‍ മുഖ്യമന്ത്രിയുടെ നിലപാടാകും സുപ്രധാനം. അക്കാദമി ഭൂമിയില്‍ തൊടാന്‍ മടിക്കുന്ന മുഖ്യമന്ത്രി ചട്ടലംഘനം കണ്ടെത്തിയിട്ടും നടപടി എടുത്തില്ലെങ്കില്‍ വിവാദം അതിശക്തമാകുമെന്നുറപ്പ്.  ഭൂമിയില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുന്ന സി.പി.ഐ കടുപ്പിച്ചാല്‍ എല്‍.ഡി.എഫിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്കും നീങ്ങിയേക്കാം. അക്കാദമി ഭൂമിയിലുള്ള റസ്റ്റോറന്റ് കെ.എസ്.യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു. വാടക വാങ്ങി പ്രവര്‍ത്തിക്കുന്ന ബാങ്ക് പൂട്ടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

click me!