
തിരുവനന്തപുരം: സ്കൂളുകളിൽ പ്രവർത്തനം നിലച്ച നാപ്കിൻ വെൻഡിങ് മെഷീനും നാപ്കിൻ ഇൻസിനേറ്ററും സമയത്ത് സർവീസ് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. നാപ്കിൻ വെൻഡിങ് മെഷീനുകൾ പ്രവർത്തിക്കാത്തതും സ്കൂളുകളിൽ മതിയായ ശുചിമുറികൾ ഇല്ലാത്തതും സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ജലീൽ.
തദ്ദേശ സ്ഥാപനങ്ങൾ അവരുടെ ഫണ്ട് ഉപയോഗിച്ചാണ് നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളുമാണ് സ്കൂളുകളിൽ ഈ പദ്ധതി പ്രധാനമായും നടപ്പാക്കിവരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് നേരിട്ടല്ല പദ്ധതി നടപ്പാക്കുന്നത്. മെഷീനുകൾ സ്ഥാപിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അവ പ്രവർത്തനക്ഷമമല്ലാതാകുമ്പോള് സർവീസ് നടത്തുക എന്നത്. അത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക നിർദേശം നൽകും. മെഷീനുകൾ സ്ഥാപിക്കുന്നതോടൊപ്പം അവയുടെ അറ്റക്കുറ്റപ്പണികൾ കൂടി ശ്രദ്ധിക്കണം.
സർക്കാർ സ്കൂളുകളുകളിൽ ഒട്ടുമിക്കയിടത്തും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യമുണ്ട്. എന്നാൽ പല എയ്ഡഡ് സ്കൂളുകളിലും മതിയായ സൗകര്യമില്ല. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് സർക്കാർ സ്കൂളുകളിൽ ടോയ്ലറ്റ് നിർമിച്ചുകൊടുക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ മറ്റ് നടപടികൾ സ്വീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നും മന്ത്രി ജലീൽ പറഞ്ഞു.
നാപ്കിൻ വെൻഡിങ് മെഷീനുകൾ പ്രവർത്തിക്കാത്തതു കാരണം ആർത്തവ സമയത്ത് സ്കൂളുകളിൽ പെൺകുട്ടികൾ നേരിടുന്ന ദുരിതം സംബന്ധിച്ചാണ് ഏഷ്യാനെറ്റ് ഒാൺലൈൻ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യമില്ലാത്തതു വഴി പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും ഏഷ്യാനെറ്റ് ന്യൂസ് ഒാൺലൈൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam