ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുവൈത്തിന്റെ ആദ്യത്തെ 15 വർഷത്തെ ഗോൾഡൻ വിസ സ്വന്തമാക്കി. രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം, ഉയർന്ന നിലവാരമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമാണ്. ഈ വിസ മാറ്റം മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ അവസരങ്ങൾ നൽകിയേക്കാം.

കുവൈത്ത് സിറ്റി: കുവൈത്ത് ആദ്യമായി അവതരിപ്പിച്ച പതിനഞ്ച് വർഷത്തെ ഗോൾഡൻ വിസ സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അയ സബാഹ് നേരിട്ട് വിസ കൈമാറി. രാജ്യത്തെ ദീർഘകാല താമസം പ്രോത്സാഹിപ്പിക്കുന്ന നിർണായക ചുവടുവെപ്പാണ് കുവൈത്ത് അവതരിപ്പിച്ചിരിക്കുന്ന 15 വർഷത്തെ ഗോൾഡൻ വിസ. ഉന്നത നിലവാരമുള്ള നിക്ഷേപങ്ങളെയും

വ്യക്തികളെയും രാജ്യത്തെത്തിച്ച് രാജ്യത്തെ സാമ്പത്തിക ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യം. എം എ യൂസഫലിക്ക് ഗോൾഡൻ വിസ സമ്മാനിച്ച വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പങ്കുവെച്ചത്. ഗൾഫ് മേഖലയിൽ യുഎഇയുടെ ആകർഷകമായ ഗോൾഡൻ വിസക്ക് പിന്നാലെ സൗദി പ്രീമിയം റെസിഡൻസി പദ്ധതി അവതരിപ്പിച്ചിരുന്നു. കുവൈത്തിൽ നിന്ന് കൂടുതൽ ആകർഷകവും ഉദാരവുമായ വിസാ മാറ്റങ്ങൾ തുടർന്നും പ്രതീക്ഷിക്കാം. മലയാളികൾക്ക് ഉൾപ്പടെ കൂടുതൽ അവസരം തുറക്കുമെന്ന് ചുരുക്കം.