
കോഴിക്കോട്: കേരള വാട്ടര്‍ അഥോറിറ്റിക്ക് കീഴിലെ കൂളിമാട് പ്ലാന്റിന്റെ പൂര്‍ണശേഷി ഉപയോഗപ്പെടുത്തി ഏഴ് പഞ്ചായത്തുകള്‍ക്കും രണ്ട് മുനിസിപ്പാലിറ്റികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ 297 കോടി രൂപ മുതല്‍ മുടക്കി ബൃഹദ് ശുദ്ധജല വിതരണ പദ്ധതി ആരംഭിക്കുന്നു. പി.ടി.എ റഹീം എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയവേ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിയമസഭയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ കീഴില്‍ ചാത്തമംഗലം, മാവൂര്‍, കൊടിയത്തൂര്‍, കാരശേരി, ഓമശേരി, കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളും മുക്കം, കൊടുവള്ളി മുനിസിപ്പാലിറ്റികളുമാണ് ഉള്‍പ്പെടുന്നത്.
കൂളിമാട് പ്ലാന്റില്‍നിന്നും വെള്ളം പമ്പ് ചെയ്ത് ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ നിര്‍മിക്കുന്ന ജലസംഭരണിയില്‍ എത്തിക്കും. ഇതില്‍ നിന്നും ചാത്തമംഗലം പഞ്ചായത്തിനും മുക്കം മുനിസിപ്പാലിറ്റിയുടെ പകുതി ഭാഗത്തും ജലവിതരണ ശൃംഖലകള്‍ സ്ഥാപിച്ച് ജലവിതരണം നടത്താനാണ് ലക്ഷ്യംവയ്ക്കുന്നത്.
കാരശേരി പഞ്ചായത്തില്‍ എള്ളങ്ങള്‍ എന്ന സ്ഥലത്ത് ഒരു ജലസംഭരണി നിര്‍മിച്ച് ഇതില്‍ നിന്നും കാരശേരി പഞ്ചായത്തിലും മുക്കം മുനിസിപ്പാലിറ്റിയുടെ ബാക്കി ഭാഗത്തും കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പകുതി ഭാഗത്തും ജലവിതരണ ശൃംഖലകള്‍ സ്ഥാപിച്ച് ജലവിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം കൂളിമാട് പ്ലാന്റിലെ നിലവിലുള്ള ജലസംഭരണിയില്‍ നിന്നും മാവൂര്‍ പഞ്ചായത്തിലും കൊടിയത്തൂര്‍ പഞ്ചായത്തിന്റെ ബാക്കി ഭാഗത്തും ജലവിതരണ ശൃംഖലകള്‍ സ്ഥാപിച്ച് ജലവിതരണം നടത്താനും ഉദ്ദേശ്യമുണ്ട്.
കൂടാതെ ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ നിന്നും ഡിസ്ട്രിബ്യൂഷന്‍ മെയിന്‍ സ്ഥാപിച്ച് കൊടുവള്ളി മുനിസിപ്പാലിറ്റി, കിഴക്കോത്ത്, മടവൂര്‍, ഓമശേരി എന്നീ പഞ്ചായത്തുകളില്‍ പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സംഭരണികളില്‍ വെള്ളം എത്തിച്ച് പ്രസ്തുത പഞ്ചായത്തുകളിലും ജലവിതരണ ശൃംഖല സ്ഥാപിച്ച് കുടിവെള്ളം വിതരണം നടത്താനും വിഭാവനം ചെയ്യുന്നതാണ് പദ്ധതി. ഈ പദ്ധതിക്ക് ഏകദേശം 297 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam