കഥ പറഞ്ഞും കേട്ടും കുമാറും കറുപ്പിയും വരുന്നുണ്ട്

Web Desk |  
Published : May 28, 2018, 02:26 PM ISTUpdated : Jun 29, 2018, 04:23 PM IST
കഥ പറഞ്ഞും കേട്ടും കുമാറും കറുപ്പിയും വരുന്നുണ്ട്

Synopsis

സൈക്കിളിൽ നാട് ചുറ്റിയാണ് കുമാർ ഷാ കഥ പറയുന്നത് കുമാറിന്റെ പ്രിയപ്പെട്ട സൈക്കിളിന്റെ പേരാണ് കറുപ്പി

ഒരിടത്തൊരു ​ഗ്രാമത്തിൽ ഒരു വലിയ മരമുണ്ടായിരുന്നു.  ആ മരത്തിന് കീഴിലിരുന്നാണ് അവിടെയുള്ളവർ കഥ പറഞ്ഞിരുന്നത്. കഥ പറഞ്ഞുകൊടുത്തതോ അവിടത്തെ രാജകുമാരിയും. ഒരിക്കൽ രാജകുമാരിയുടെ കഥ കേൾക്കാൻ ഏതോ നാട്ടിൽ നിന്നുമൊരു രാജകുമാരനും എത്തി. കഥ പറഞ്ഞ് പറഞ്ഞ് നേരം ഇരുട്ടിയത് ആരും അറി‍ഞ്ഞില്ല.  - കുമാർ ഷാ കഥ പറയുകയാണ്. കുമാറിന്റെ കഥകൾക്കൊരു പ്രത്യേകതയുണ്ട്. നാടുകൾ ചുറ്റിയാണ് കുമാറിന്റെ കഥ പറച്ചിൽ. 

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ തമിഴ്നാട്ടിലെ ആളിയാൽ എന്ന കൊച്ചു​ഗ്രാമത്തിൽ നിന്ന് കഥ പറയാൻ ഇറങ്ങിത്തിരിച്ചതാണ് കുമാർ ഷാ എന്ന മുപ്പതുകാരൻ. നാട്ടിലെ കുട്ടികളോട് കഥ പറഞ്ഞ് തിരികെ വീട്ടിലെക്ക് സൈക്കിൾ ചവിട്ടിയ വൈകുന്നേരമാണ് കുമാറിന് ഇങ്ങനെയൊരു ആശയം തോന്നിയത്. രണ്ടാമതൊന്നാലോചിച്ചില്ല, പിറ്റേന്ന് തന്നെ യാത്ര തുടങ്ങിയെന്ന് കുമാർ പറയുന്നു. 

തന്റെ കൊച്ചു സൈക്കിളിൽ ഇതുവരെ അഞ്ച് സംസ്ഥാനങ്ങളിലൂടെ കുമാർ കഥയുടെ സൈക്കിൾ ചവിട്ടി. സാധിക്കുന്ന എല്ലായിടങ്ങളിലും തന്റെ കഥ സൈക്കിളുമായി എത്താനാണ് കുമാറിന്റെ തീരുമാനം. കഥയിൽ കുമാറിനൊരു കൂട്ടുകാരിയ,ണ്ട്. കറുപ്പി.  തന്റെ പ്രിയപ്പെട്ട സൈക്കിളിന്  കുമാർ നൽകിയ പേരാണ്- കറുപ്പി.  മുമ്പ് ബസ്സിലും ട്രെയിനിലും യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ സൈക്കിളിൽ ഇത്രയും ദൂരം സഞ്ചരിക്കുന്നത് ആദ്യമായിട്ടാണ്. കറുപ്പിയാണെന്റെ കൂട്ടുകാരിയെന്ന് കുമാർ ചിരിയോടെ പറയുന്നു. 

നാലരമാസം കൊണ്ട് തമിഴ്നാടിന്റെ ഒട്ടു മിക്ക സ്ഥലങ്ങളിലും സഞ്ചരിക്കാൻ സാധിച്ചു. കേരളത്തിലും കർണാടകത്തിലും മഹാരാഷ്ട്രയിലും ​ഗോവയിലും കറുപ്പിക്കൊപ്പെമെത്തി കുമാർ കഥ പറഞ്ഞു. അഹമ്മദാബാദിലാണ് കുമാറും കറുപ്പിയും ഇപ്പോഴുള്ളത്. തന്റെ യാത്രയ്ക്ക് വലിയ നിർവ്വചനങ്ങളോ വിശദീകരണങ്ങളോ കുമാർ നൽകുന്നില്ല. മറിച്ച് സ്വയം അറിയാനുള്ള യാത്രയെന്നാണ് കുമാറിന്റെ സാക്ഷ്യപ്പെടുത്തൽ. ഇങ്ങനെ സൈക്കിൾ ചവിട്ടിയിട്ട് എന്ത് പ്രയോജനമെന്ന് ആരെങ്കിലും ചോദിച്ചാൽ തനിക്കിപ്പോൾ ധാരാളം കഥകളറിയാമെന്ന് കുമാർ മറുപടി പറയും. ധാരാളം കലാകാരൻമാരെ കാണാൻ, പരിചയപ്പെടാൻ സാധിച്ചു. ചില ദേശങ്ങൾക്കുമാത്രം സ്വന്തമായിരുന്ന കഥകളെ കൈമാറാൻ സാധിച്ചു. 

ഇങ്ങനെ കഥ തേടി പുറപ്പെടാൻ കുമാറിന്റെ ജീവിതത്തിൽ ഒരു യഥാർത്ഥ സംഭവമുണ്ട്. ഒരിക്കൽ ഒരു ചായക്കടയിൽ വച്ചാണ് യാദൃശ്ചികമായി കുമാർ ഒരാളെ പരിചയപ്പെടുന്നത്. സംസാരം മുന്നോട്ടുപോയപ്പോൾ ഒരു കാര്യം മനസ്സിലായി. തങ്ങൾ ബന്ധുക്കളാണ്. പരിചയപ്പെട്ട ആളുടെ അമ്മയും തന്റെ അച്ഛനും ബന്ധുക്കളാണ്. സ്വന്തം ​ഗ്രാമത്തിൽ നിന്നും വളരെ ദൂരത്തിൽ ഒരു ബന്ധുവിനെ കണ്ടെത്തിയ സന്തോഷം തോന്നിയെന്ന് കുമാർ പറയുന്നു. വളരെ ചെറുപ്പത്തിലെ കുമാറിന്റെ അച്ഛനും അമ്മയും വേർപിരി‍ഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നിൽ ഒരു കഥയുണ്ടായിരുന്നില്ലേയെന്നാണ് കുമാറിന്റെ ചോദ്യം. 

ഒരു യാത്രയ്ക്ക് പോകുമ്പോൾ ധാരാളം വസ്തുക്കൾ കരുതാറുണ്ട്. എന്നാൽ ഈ സൈക്കിൾ യാത്രയിൽ കുമാർ പ്രത്യേകമായി എടുത്തത് ഒരു സൈക്കിൾ പമ്പ് മാത്രം. എന്നാൽ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാൻ പോലും തനിക്കറിയില്ലെന്ന് കുമാർ കൂട്ടിച്ചേർക്കുന്നു.  കഥ പറയാൻ ചെന്നയിടങ്ങൾ തന്നെ കുമാറിന് താമസവും ഭക്ഷണവും നൽകി. മഹാരാഷ്ട്രയിലെ ഒരു സൈക്കിൾ ഷോപ്പുടമ ഒരു എയർപമ്പാണ് കുമാറിന് സമ്മാനമായി നൽകിയത്. ഓരോ സംസ്ഥാനത്തിനും അവിടുത്തെ പ്രദേശങ്ങൾക്കും അവരുടേത് മാത്രമായ കഥകളുണ്ടെന്ന് കുമാർ പറയുന്നു. ചെന്നെത്തിയ ദേശങ്ങളിലെല്ലാം നിറയെ കഥകളുമായി കാത്തിരുന്നത് മുതിർന്നവരായിരുന്നു. ചെന്നിടങ്ങളിലെല്ലാം ആളുകൾ അതിഥിയായാണ് സ്വീകരിച്ചത്. കഥ മാത്രമല്ല, കരുണയുള്ള ധാരാളം പേരെ കണ്ടുമുട്ടാനായതും ഈ യാത്രയുടെ നേട്ടങ്ങളിലൊന്നാണ്. 

വിദ്യാലയങ്ങളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും കഥ പറയാനും കേൾക്കാനും അവസരമുണ്ടായിട്ടുണ്ടെന്ന് കുമാറിന്റെ വാക്കുകൾ. മുൻകൂട്ടി തയ്യാറായ യാത്രയല്ല ഇത്. ചിലപ്പോൾ നാളെ തന്റെ യാത്ര അവസാനിപ്പിച്ച് തിരികെ സ്വദേശത്തേയക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നും കുമാർ ഷാ പറയുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മീതെ ചക്രവാതചുഴി; അടുത്ത രണ്ട് ദിവസം എല്ലാ ജില്ലകളിലും മഴ പെയ്യും, ചില ജില്ലകളിൽ യെല്ലോ അലർട്ട്
മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി