കുമരകം മത്സ്യഗവേഷണ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

By web deskFirst Published Dec 1, 2017, 8:15 PM IST
Highlights

കോട്ടയം: സംസ്ഥാനത്തെ ആദ്യ മത്സ്യ ഗവേഷണ കേന്ദ്രം ജീവനക്കാരും സയന്റിസ്റ്റുകളുമില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മത്സ്യകൃഷി മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി വന്‍ വിജയം കൈവരിച്ച കുമരകം മത്സ്യഗവേഷണ കേന്ദ്രമാണ് നാഥനില്ലാക്കളരിയായി മാറിയത്. മതിയായ ജീവനക്കാരുടെ കുറവും വിദഗ്ദരുടെ അഭാവവും ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാല് വര്‍ഷമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ച് കിടക്കുകയാണ്.  

ഇന്ന് ഫീഷറിസ് വകുപ്പ് സ്വായത്തമാക്കിയ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും കുമരകം മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനകളാണ്. വേമ്പനാട് കായല്‍ തീരത്തുള്ള ഗവേഷണ കേന്ദ്രത്തിന് സമീപമാണ് മത്സ്യ സങ്കേതവും സ്ഥിതി ചെയ്യുന്നത്. മത്സ്യ തൊഴിലാളികള്‍ക്കും, സംസ്ഥാനത്തിന്റെ മത്സ്യ സമ്പത്തിനും പ്രയോജനപ്രദമായ സ്ഥാപനമാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ച് കൊണ്ടിരിക്കുന്നത്.

നിരവധി മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് അംഗീകാരം നേടിയ മത്സ്യ ഗവേഷണ കേന്ദ്രമാണ് കുമരകത്തുള്ളത്. ഒരു നെല്ലും ഒരും മീനും പദ്ധതി, സംയോജീത മത്സ്യ ക്യഷി, വംശനാശ ഭീഷണി നേരിടുന്ന മീനുകളുടെ പ്രത്യുല്‍പാദനം തുടങ്ങിയ  പ്രവര്‍ത്തനങ്ങളായിരുന്നു ഇവയില്‍ പ്രധാനം. മുമ്പ് രണ്ട് സയന്റിസ്റ്റുകളും, ഒരു പ്രൊഫസറും, രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരുമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. കരിമീന്‍ പ്രജനനം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ മുടങ്ങി. സംരക്ഷിത മേഖലകള്‍ സാമൂഹിക വിരുദ്ധര്‍ കൈയടക്കി മത്സ്യക്കുഞ്ഞുങ്ങളെയടക്കം മോഷ്ടിച്ചു കടത്തിയെന്നും ഫാം ജീവനക്കാര്‍ പറയുന്നു.
 

click me!