കുട്ടികള്‍ക്ക് നേരെ മോശം പെരുമാറ്റം; ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ മൈക്കിലൂടെ ഉത്തരവിട്ട് ജഡ്ജി

Published : Nov 20, 2017, 05:52 PM ISTUpdated : Oct 05, 2018, 02:07 AM IST
കുട്ടികള്‍ക്ക് നേരെ മോശം പെരുമാറ്റം; ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ മൈക്കിലൂടെ ഉത്തരവിട്ട് ജഡ്ജി

Synopsis

കാസര്‍കോട്: സ്ഥലം കുമ്പള ബസ് സ്റ്റാന്‍ഡ് പരിസരം. സമയം ശനിയാഴ്ച വൈകുന്നേരം നാലുമണി. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സബ് ജഡ്ജി പ്രസംഗിക്കുന്നു. ആരും കാര്യമായി ശ്രവിക്കാതിരുന്ന പ്രസംഗം പുരോഗമിക്കുന്നതിനിടെ പൊടുന്നനെ ന്യായാധിപന്റെ  ശബ്ദവും ഭാവവും മാറി.

''മിസ്റ്റര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍, നിങ്ങള്‍ ഇവിടെ വരൂ.ആ കാണുന്ന ബസ് ജീവനക്കാരെയും മുതലാളിയെയും അറസ്‌റ് ചെയ്ത് ഹാജരാക്കൂ...മൈക്കിലൂടെയുള്ള ജില്ലാ സബ്ബ് ജഡ്ജിയുടെ ഉത്തരവ് കേട്ട് ചുറ്റും നിന്നവര്‍ ആദ്യം അന്തംവിട്ടെങ്കിലും വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ കരുതലുള്ള ന്യായാധിപന്റെ സ്വരമായിരുന്നു അതെന്ന് അവര്‍ പിന്നീട് തിരിച്ചറിഞ്ഞു. 

കാസര്‍കോട് സബ്ബ് ജഡ്ജ് ഫിലിപ്പ് തോമസാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ നടുറോഡിലിറങ്ങി നാട്ടുകാരുടെ കൈയ്യടി വാങ്ങിയത്. സംഭവം ഇങ്ങനെ....കുട്ടികള്‍ക്ക് നേരെ അനുദിനം വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ജില്ലാ ലീഗല്‍സര്‍വീസ് സൊസൈറ്റിയും  ചൈല്‍ഡ് ലൈനും ചേര്‍ന്ന് നടത്തിയ ബോധവത്കരണ ജാഥയ്ക്ക് കുമ്പളയില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജഡ്ജി ഫിലിപ്പ് തോമസ്. 

ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തായി ഒരുക്കിയ സ്വീകരണ വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് തൊട്ടപ്പുറത്ത് വരിവരിയായി നിന്ന് ബസിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ അസഭ്യം പറയുന്നതും തള്ളിമാറ്റുന്നതും ജഡ്ജി കണ്ടത്. പൊതുസ്ഥലത്ത് വച്ചുള്ള ബസ് ജീവനക്കാരുടെ ഗുണ്ടായിസം കണ്ടതോടെ ജഡ്ജിയുടെ മട്ടും ഭാവവും മാറി. കുമ്പള എസ്.ഐ ജയശങ്കറിനെ മൈക്കിലൂടെ അടുത്തേക്ക് വിളിച്ചു
 വരുത്തിയ അദ്ദേഹം ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് എസ്.ഐയും മറ്റു പോലീസുകാരും ചേര്‍ന്ന് ബസ് ജീവനക്കാരെ പിടികൂടി ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കി. 

കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന് ബസ് ജീവനക്കാരെ ജനമധ്യത്തില്‍ നിര്‍ത്തി ശകാരിച്ച ജഡ്ജി സൗജന്യനിരക്കിലുള്ള ബസ് യാത്ര കുട്ടികളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും അവരെ ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ പഠിച്ചു വളര്‍ന്ന് നാളെ ഉന്നതപദവികളില്ലേതേണ്ടവരാണെന്ന് കൂടി പറഞ്ഞ ജഡ്ജി കുട്ടിള്‍ക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയാണ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് മടങ്ങിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും'; അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍
'മികച്ച ചെയർമാനെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്, ഓരോ സെക്കന്റിലും അദ്ദേഹം കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുന്നുണ്ട്': കുക്കു പരമേശ്വരൻ