എം കെ ദാമോദരനെതിരെ കുമ്മനം കോടതിയില്‍

By Web DeskFirst Published Jul 18, 2016, 10:08 PM IST
Highlights

കൊച്ചി: എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചത് ചോദ്യം ചെയ്ത് ബിജെപി  സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കി.

സീനിയര്‍ അഭിഭാഷകന്‍ എസ് ഗോപകുമാരന്‍ നായര്‍ മുഖേനയാണ് എം കെ ദാമോദരനെതിരെ കുമ്മനം ഹൈക്കോടതിയിലെത്തിയത്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം കെ ദാമോദരനെ നിയമിച്ചതിനെ തുടര്‍ന്ന് നിരവധി നിയമപരവും സാങ്കേതിക പരമവുമായി പ്രശനങ്ങള്‍  ഉയര്‍ന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.  ഭരണഘടനാ പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കേ മുഖ്യമന്ത്രി വ്യക്തിപരമായി നിയമോപദേശകനെ നിയമിച്ചത് എന്തടിസ്ഥനത്തിലാണെന്നാണ്  ഹര്‍ജിയിലെ പ്രധാനം ചോദ്യം.

അഡ്വക്കേറ്റ് ജനറലിന്‍റെയും നിയമോപദേശകന്‍റെയും പദവികള്‍ തമ്മിലുള്ള വിത്യാസമെന്താണ്, ഇത് എങ്ങിനെയാണ് നിര്‍വചിക്കുക്ക, നിയമോപദേശകന്‍റെ ഉപദേശം എജിയുടെ തീരുമാനങ്ങള്‍ക്ക് മുകളില്‍ വരുന്നതാണോ, എജിയെ മറികടന്ന് കൊണ്ട് നിയമോപദേശകന് ഇടപെടാനാകുമോ, സര്‍ക്കാരിന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായ കേസുകളില്‍ നിയമോപദേശകന് ഹാജരാകാനാവുമോ തുടങ്ങിയ ചോദ്യങ്ങളും ഹര്‍ജിയിലുണ്ട്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉപദേശം നല്‍കാന്‍ ഭരണഘടനാ പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ നിലവിലുണ്ട്. അറ്റൊണി ജനറല്‍ , പ്രോസിക്യഷന്‍ ഡയറക്ടര്‍ ജനറല്‍, നിയമകാര്യ സെക്രട്ടറി എന്നിവരും ഇതിലുല്‍പ്പെടും. ഇതിന് പുറമേ മുഖ്യമന്ത്രിക്ക് ആവശ്യമെങ്കില്‍ സ്വകാര്യ നിയമോപദേശവും തേടാം. പക്ഷെ ഈ സംവിധാനങ്ങള്‍ക്ക് പുറത്ത് സ്ഥിരമായി ഒരു ഉപദേശകനെ നിയമിച്ചത് എന്തടിസ്ഥാനത്തിലെന്നും ഹര്‍ജി ചോദിക്കുന്നു.  മുഖ്യമന്ത്രി ജനപ്രതിനിധി കൂടിയാണ്. അതു കൊണ്ട് വിഷയത്തില്‍ പൊതു ജന താല്‍പ്പര്യമുണ്ട്. നിയമോപദേശക പദവി നിയമനം ഭരണാഘടനാ വിരുദ്ധമായതിനാല്‍ ഉത്തരവ് റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം .

click me!