സ്പീക്കര്‍ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ഒ രാജഗോപാലിനെ പിന്തുണച്ച് കുമ്മനം

By Web DeskFirst Published Jun 4, 2016, 8:21 AM IST
Highlights

സ്പീക്കര്‍ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ഒ രാജഗോപാലിനെ പരസ്യമായി പിന്തുണച്ച് കുമ്മനം രാജശേഖരന്‍. മന:സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാൻ രാജഗോപാലിന് സ്വാതന്ത്രമുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അതേ സമയം തിരുവനന്തപുരത്ത് തുടരുന്ന നേതൃയോഗത്തിൽ രാജഗോപാലിനെതിരെ വിമർശനം ഉയരാനിടയുണ്ട്.


ശ്രീരാമകൃഷ്ണന് രാജഗോപാൽ വോട്ട് ചെയ്തതിന്റെ അമ്പരപ്പിലാണ് ബിജെപിയിലെ ഒരു വിഭാഗം. ചരിത്ര ജയം സമ്മാനിച്ച മുതിർ‍ന്ന നേതാവായതിനാൽ ആരും എതിർപ്പ് പരസ്യമാക്കിയില്ല. കഴിഞ്ഞ ദിവസം മൗനം പാലിച്ച് സംസ്ഥാന അധ്യക്ഷൻ ഇന്ന് പരസ്യമായി രാജഗോപാലിനെ പിന്തുണച്ചു.

ആർക്കാണ് വോട്ട് ചെയ്തതെന്ന് പരസ്യമാക്കിയ രാജഗോപാൽ ധാമർമ്മികത ഉയർത്തിപ്പിടിച്ചുവെന്നും കുമ്മനം പറഞ്ഞു. എന്നാൽ യുഡിഎഫിൽ നിന്നു ചോർന്ന് വോട്ട് ആരുടെതാണെന്ന് രമേശ് ചെന്നിത്തല വിശദീകരിക്കണം. ഉമ്മൻചാണ്ടിയാണോ വോട്ട് മറിച്ചതെന്നും കുമ്മനം ചോദിച്ചു. രാജഗോപാലിനെ പരസ്യമായി പ്രസിഡണ്ട് പിന്തുണച്ച് യുഡിഎഫിനെ വിമർശിക്കുന്പോഴും പാർട്ടിയിലെ ഒരു വിഭാഗം രാജഗോപാലിന്റെ നടപടിയിൽ അതൃപ്തരാണ്. നേതൃയോഗത്തിൽ വിമർശനം ഉയരാനിടയുണ്ട്. മുഴുവൻ സ്ഥാനാർത്ഥികളും യോഗത്തിൽ പങ്കെടുക്കുന്നു. ഒരു താമരമാത്രമാണ് വിരിഞ്ഞതെങ്കിലും പാർട്ടിയുടേത് മിന്നും പ്രകടനമാണെന്ന് ആമുഖപ്രസംഗത്തിൽ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

click me!