
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ സോമാലിയ പരാമര്‍ശത്തെ തുടര്‍ന്ന് ഓണ്‍ലൈനില്‍ ട്രെന്റിംഗായി മാറിയ പോ മോനെ മോദി ഹാഷ്ടാഗില്‍ വരുന്ന പോസ്റ്റുകളുടെ വംശീയവെറി ചൂണ്ടിക്കാണിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പട്ടിണി കാരണം ഒട്ടിയ ഒരുടലില്‍ തന്റെ ശിരസ്സ് ഒട്ടിച്ചു ചേര്‍ത്ത് ഫോട്ടോഷോപ്പില്‍ സൃഷ്ടിച്ച ട്രോള്‍ എത്രമാത്രം മനുഷ്യവിരുദ്ധമാണെന്നാണ് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ അദ്ദേഹം പറയുന്നത്. ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.എം മനോജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത അത്തരത്തില്‍ ഒരു ചിത്രം എത്ര മാത്രം കീഴാള വിരുദ്ധമാണ് എന്നും അദ്ദേഹം എഴുതുന്നു. അദ്ധ്വാനിക്കുന്ന, ചൂഷണമനുഭവിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്കൃത ജനതയുടെ ശബ്ദമെന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ മൂല്യങ്ങളിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും കുമ്മനം പറയുന്നു.
ഇതാണ് കുമ്മനം എഴുതിയത്:
കടുത്ത ദാരിദ്ര്യം മൂലം മെലിഞ്ഞുണങ്ങിയ ഒരു വ്യക്തിയുടെ ഉടലിനോട് എന്റെ തല ഒട്ടിച്ചു ചേര്‍ത്ത് ഉണ്ടാക്കിയ പോസ്ടര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ തല മൂത്ത ചിന്തകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി കാണാനിടയായി. സമൂഹത്തിന്റെ താഴെ തട്ടില്‍ പട്ടിണിയോടും മറ്റു ജീവിത അസ്ഥിരതകളോടും മല്ലിട്ടു കഴിയുന്ന അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പുച്ഛം അവരിലെല്ലാം തെളിഞ്ഞു കാണാനാവുന്നു. അദ്ധ്വാനിക്കുന്ന, ചൂഷണമനുഭവിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്കൃത ജനതയുടെ ശബ്ദമെന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ മൂല്യങ്ങളിലെ ഇരട്ടത്താപ്പ് ഇവിടെ വളരെ വ്യക്തമാകുന്നു. നിങ്ങള്‍ ഏറ്റവും വെറുക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു കാര്യകര്‍ത്താവായ എന്നെ പരിഹസിക്കുന്നതിനായി ഒരു സഹജീവിയോടുള്ള പരിഗണന പോലും നല്കാതെയല്ലേ ഈ നാട്ടിലെ ഏറ്റവും നികൃഷ്ടരായവര്‍ എന്ന സൂചനയോടെ ആ വ്യക്തിയുടെ ഉടല്‍ എന്റെ തലയോട് ചേര്‍ത്ത് വെച്ച് അപഹസിച്ചത് ? ദരിദ്രര്‍ നികൃഷ്ടരായി കാണപ്പെടേണ്ടവര്‍ ആണെന്ന ഈ മനോഭാവം എങ്ങനെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭൂഷണമാകും ?
എന്നെ സംബന്ധിച്ചിടത്തോളം പട്ടിണിയും പരിവട്ടവും നിറഞ്ഞ ഗിരിവര്‍ഗ്ഗ ഊരുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അടിസ്ഥാനജനത വസിക്കുന്ന കോളനികളും ഒന്നും അപമാനചിഹ്നങ്ങളല്ല, മറിച്ചു ഞാന്‍ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച മേഖലകളില്‍, എന്റെ സ്വന്തം സഹോദരങ്ങളുടെ കൂടെ അവരിലൊരാളായി എന്നെ കാണുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ.
പട്ടിണിയില്‍ കഴിയേണ്ടിവരുന്ന ഇന്നാട്ടിലെ ഹതഭാഗ്യരായവരുടെ ഇടയില്‍ എന്റെ തൊലിയുടെ നിറവും വസ്ത്രധാരണവും ജീവിതരീതിയും മൂലം എന്നെയും അവരിലൊരാളായി ചിത്രീകരിക്കുന്ന രാഷ്ട്രീയ മേലാളന്മാരുടെ, നവവരേണ്യതയുടെ വോട്ടുബാങ്ക് രാഷ്ടീയത്തിനപ്പുറം ഒരു രണ്ടാം കേരളമോഡല്‍ വികസനമുദ്രാവാക്യം ഇവിടെ ചര്‍ച്ച ആകട്ടെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam