
തിരുവനന്തപുരം: കുണ്ടറ പീഡനകേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ച. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് ഗൗരവത്തോടെ എടുത്തില്ല. കുട്ടികള്‍ക്കെതിരായ കേസുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയുടെ മരണം മറച്ചുവച്ചതായി കൊല്ലം റൂറല്‍ എസ്‌പി സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് പിഴവുകളെ കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഈ മാസം ഏഴിന് ഇന്റലിജന്‍സ് കത്തു നല്‍കിയിരുന്നു. കുണ്ടറ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഇന്റലിജന്‍സ് ചൂണ്ടികാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം തീയതി കൊല്ലം റൂറല്‍ എസ്‌പി പ്രത്യേക അന്വേഷണ സംഘമുണ്ടാക്കാന്‍ കൊട്ടാരക്കര ഡിവൈസ്‌പിക്ക് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ 14നുമാത്രമാണ് കൊട്ടാരക്കര ഡിവൈസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് ഇതിനകം വ്യക്തമായിട്ടും മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെയാണ് വീണ്ടും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പതിനാറാം തീയതിയാണ് പോക്‌സോ ചുമത്തി അന്വേഷണം സസ്‌പെന്‍ഷനിലായ കുണ്ടറ സിഐക്ക് കൈമാറുന്നത്. ഗ്രേവ് ക്രൈം വിഭാഗത്തില്‍പ്പെടുന്ന കേസായിട്ടും സ്റ്റേഷനില്‍ നിന്നും മേലുദ്യോഗസ്ഥരെ ആദ്യഘട്ടത്തില്‍ ഇക്കാര്യം അറിയിച്ചതുമില്ല. അന്വേഷണം നടക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയെ കുറിച്ച് പരസ്യപ്രതികരണത്തിനല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
അതേസമയം, കുണ്ടറ കേസില്‍ കസ്റ്റഡയിലുള്ള പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നാലുപേരെ നുണപരിശോധനക്ക് വിധേയമാക്കും. പെണ്‍കുട്ടിയുടെ അമ്മയെ മനശാസ്ത്രജ്ഞരുടെ സാനിധ്യത്തില്‍ ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് സംഘത്തെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam