പഠനത്തിനായി കേരളത്തിലെത്തിയ കശ്മീരി യുവതിയായ അഖ്സ ഹമീദ് സോഫി, മലയാള ഭാഷയെയും സംസ്കാരത്തെയും നെഞ്ചേറ്റുന്നു. കേരളത്തിലെ ഭക്ഷണത്തോടും ജനങ്ങളോടുമുള്ള ഇഷ്ടം തുറന്നുപറയുന്നു

ദുബൈ: പഠനം കഴിഞ്ഞ് കേരളം വിട്ടിട്ട് വർഷങ്ങളായിട്ടും മലയാളത്തോടുള്ള ഇഷ്ടം വിടാതെ ഒരു കശ്മീരി യുവതി. യുഎഇയിൽ പ്രവാസിയായ അഖ്സ ഹമീദ് സോഫിക്ക് മലയാളവുമായും കേരളവുമായുള്ള മതിപ്പിന് വലിയ കാരണങ്ങളുമുണ്ട്. ശ്രീനഗറാണ് അഖ്സയുടെ നാട്. കേരളത്തിൽ പഠിച്ച അഞ്ച് വർഷം കൊണ്ടാണ് മലയാളം പഠിച്ചത്. ഇടുക്കിയും മഹാത്മാഗാന്ധി സർവ്വകലാശാലയുമാണ് കേരളത്തോടുള്ള ബന്ധം ദൃഢമാക്കിയത്. തന്‍റെ സഹപാഠിയായിരുന്ന അതുല്യയാണ് മലയാളം പഠിക്കാൻ സഹായിച്ചതെന്നും അഖ്സ പറഞ്ഞു.

ഇപ്പോൾ മൂന്ന് വർഷമായി യുഎഇയിലാണ്. ഇവിടെയും അധികം ഇടപഴകുന്നത് മലയാളികൾക്കും മലയാളത്തിനുമൊപ്പമാണ്. ദുബൈയിൽ സ്വകാര്യ കമ്പനിയിലാണ് ജോലി- ഞാൻ നാട്ടിൽ ജോലി ചെയ്തിരുന്ന കമ്പനി തന്നെയാണ് ഇവിടെ കൊണ്ടുവന്നത്. ആദ്യം എന്താ ചെയ്യേണ്ടെ, തിരിച്ചുപോയാലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ മനസ്സിലായി ഇവിടം കേരളത്തിലെ 15ാം ജില്ല പോലെയാണെന്ന്".

കേരളത്തിലെ ഭക്ഷണവും കേരളത്തിലെ ജനങ്ങളും- അഖ്സയ്ക്ക് ഏറെയിഷ്ടമുള്ളത് ഇത് രണ്ടുമാണ്. കേരളത്തോടും മലയാളികളോടും ഉള്ള മതിപ്പിന് കാരണവുമുണ്ട്- "എല്ലാവരും സ്നേഹത്തോടെ കഴിയുന്നു. ഒരു കമ്യൂണിറ്റി എന്ന നിലയിൽ എല്ലാവരും ഓണവും പെരുന്നാളുമൊക്കെ ആഘോഷിക്കുന്നു. എല്ലാവരും മനുഷ്യന്മാരാ എന്നാണ് കേരളം എന്നെ പഠിപ്പിച്ചത്. പൊറോട്ടയും ബീഫും തലശ്ശേരി ബിരിയാണിയും ഉൾപ്പെടെ കേരളത്തിലെ എല്ലാ ഭക്ഷണവും കഴിക്കാനും ഉണ്ടാക്കാനും എനിക്കിഷ്ടമാ" . ഇപ്പോൾ സോഷ്യൽ മീഡിയയിലും മലയാളവുമായി സജീവമാണ് അഖ്സ.

YouTube video player