
തിരുവല്ല: രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. താന്‍ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. രണ്ടു ഗ്രൂപ്പുകളുടെയും നേതാക്കളുടെ അനുയായികള്‍ പലരീതിയിലും അധിക്ഷേപിച്ചു. എന്നാല്‍ രമേശ് ചെന്നിത്തല തന്നെ വന്നുകണ്ട് മാപ്പുചോദിക്കുകയും അവരെ ശാസിച്ചതായി അറിയിക്കുകയും ചെയ്തെന്ന് പി.ജെ കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല.
ഉമ്മന്‍ ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണെന്നും അതിന് യുഡിഎഫിലെ മറ്റുള്ളവരെ ഉപയോഗിച്ചുവെന്നും കുര്യന്‍ ആരോപിച്ചു. 2005 ല്‍സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണ്. ഉമ്മന്‍ ചാണ്ടി കാര്യങ്ങളെ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2012ൽ മറ്റൊരാളുടെ പേര് പറഞ്ഞെന്നതിലും പൊരുത്തക്കേടുണ്ട്. പിന്നീട് സീറ്റ് ഒഴിവുവന്നപ്പോൾ എന്തുകൊണ്ട് ആ പേര് പറഞ്ഞില്ല.
ഉമ്മൻ ചാണ്ടിക്ക് തന്നെക്കാൾ രണ്ട് വയസിന്‍റെ കുറവേയുള്ളു. തനിക്കെന്ത് സഹായം ചെയ്തെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം. വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മൻ ചാണ്ടിയുടെ സഹായം തേടിയിട്ടില്ല. രാഷ്ട്രീയപരമായി ആവശ്യപ്പെട്ടതുപോലും ചെയ്തു തന്നിട്ടില്ലെന്ന് കുര്യൻ. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു. മാണി ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ ദില്ലിയിലെത്തിയാല്‍ ഉടനെ ഹൈക്കമാന്‍ഡിന് പരാതി കൈമാറുമെന്നും പി.ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam