അധ്യാപകർ മോശമായി സംസാരിക്കുന്ന ശബ്ദതെളിവ് പുറത്തുവന്നതിന് പിന്നാലെ മൊബൈൽ ഫോണ്‍ വിലക്കി കുസാറ്റ്

By Web DeskFirst Published Dec 8, 2017, 9:18 AM IST
Highlights

കൊച്ചി: വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിന് നിയന്ത്രണമേർപ്പെടുത്തി കൊച്ചി സാങ്കേതിക സർവ്വകലാശാല. ശബ്ദവും വീഡിയോയും റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് സർവ്വകലാശാല ഉത്തരവിറക്കി. മറൈൻ ജിയോളജി വിഭാഗത്തിലെ മൂന്ന് അധ്യപകർ വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിക്കുന്നതിന്‍റെ മൊബൈൽ ഫോൺ തെളിവുകൾ പുറത്ത് വന്നതിന് പിറകെയാണ് വിചിത്രമായ ഉത്തരവ്.

ഇക്കഴിഞ്ഞ നവംബർ മുപ്പതിനാണ് കുസാറ്റ് വൈസ് ചാൻസലർ സർവ്വകലാശാലയിൽ മൈബൈൽ ഫോൺ അടക്കമുള്ള ഇലകോട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്. ഉത്തരവിൽ മൈബൈൽ ഫോൺ എന്ന് പറയുന്നതിന് പകരം ഓഡിയോ, വീഡിയോ റെക്കോർ‍ഡിംഗ് ഉപകരണം എന്നാണ് പറയുന്നത്.  ഇത്തരം ഉപകരണമായി വിദ്യാർത്ഥികൾ കൊണ്ടുവരുന്നത് മൈബൈൽ ഫോൺ മാത്രമാണ്. ഫലത്തിൽ ഇതിനെ വിലക്കുകയാണ് സർവ്വകലാശാല. ഡിപ്പാർട്ട് മെന്‍റിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഇനി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് മൈബൈൽ ഫോൺ ഉപയോഗിക്കാനാകില്ല. മറൈൻ ജിയോളജി ഏന്‍റ് ഫിസിക്സിലെ ഡിപ്പാർട്മെന്‍റ് കൗൺസിലിന്‍റെ ആവശ്യപ്രകരാമാണ് തീരുമാനമെന്നും ഉത്തരവ് വിശദമാക്കുന്നുണ്ട്.

നാലാം സെമസ്റ്റർ വിദ്യാർത്ഥിനിയെ ഇന്റേണലിന്‍റെ പേരിൽ അധ്യാപകർ മാനസീകമായി പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ രക്ഷിതാവിന്‍റെ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ തെളിവായത് മൈബൈലിൽ റെക്കോർഡ് ചെയ്ത അധ്യാപകരുടെ മോശം സംഭാഷണമായിരുന്നു. സംഭവത്തില്‍ മറൈൻ ജിയോളജിയിലെ മൂന്ന് അധ്യാപകരെ സസ്പെന്‍റ്  ചെയ്തിരുന്നു. ഈ വിരോധമാണ് മൈറൈൻ ജിയോളജി വിഭാഗത്തിന്റെ വിചിത്ര ആവശ്യത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ പറയുന്നത്. ഓഡിയോ, വീഡിയോ റെക്കോഡിംഗ് മറൈൻ ജിയോളജി വകുപ്പിന്‍റെ അന്തസ്സിനെയും അച്ചടക്കത്തെയും ബാധിക്കുമെന്നാണ് ഡിപ്പാർട്ട് മെന്‍റ്  നല്‍കുന്ന വിശദീകരണം. വിവാദ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരാനാണ് സംഘടനകളുടെ തീരുമാനം

click me!