
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി. ലക്ഷദ്വീപിന് സമീപം പതിനേഴ് ബോട്ടുകളിലായി അകപ്പെട്ടവരെയാണ് നാവിക സേനയുടെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ഏട്ടാം ദിവസവും തുടരുന്നു. കൊച്ചിയില്‍ നിന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ സംഘങ്ങളും കേരള, ലക്ഷദ്വീപ് തീരത്തുണ്ട്. ഒരു കുടുംബത്തില്‍ നിന്നുളള 10 പേരടക്കം 16 പേരെ കാത്തിരിക്കുകയാണ് തിരുവനന്തപുരം അടിമലത്തുറ. പ്രിയപ്പെട്ടവര്‍ എത്തുമെന്ന പ്രതീക്ഷയില്‍ തീരത്ത് തന്നെ ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്.
അജ്ഞാത മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനക്കും സാംപിള്‍ നല്‍കിയിട്ടുണ്ട്. ഓഖി ദുരന്തത്തേതുടര്‍ന്നുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് സര്‍വ്വകകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആഴക്കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകള്‍ ഇതുവരെ തീരത്തേക്ക് തിരിച്ചെത്തിയിട്ടില്ല. 51 ബോട്ടുകള്‍ ഇതുവരെയായി തിരിച്ചെത്തിയിട്ടില്ല. ഏതാണ്ട് 397 പേരെ കാണാനില്ലെന്ന് റവന്യൂ വകുപ്പ് ഉത്തരവില്‍ പറയുന്നു. റവന്യൂ വകുപ്പ് നേരിട്ടുനടത്തിയ കണക്കെടുപ്പിലൂടെയും രൂപതകളില്‍ നിന്നും മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് 397 പേരുടെ കണക്ക് റവന്യൂ വകുപ്പ് പുറത്തുവിട്ടത്.
ഓഖി ദുരന്തത്തേത്തുടര്‍ന്ന് കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ നാവിക സേനയുടെ 12 കപ്പലുകള്‍ ഒമ്പതാം ദിവസമായ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. എന്‍എസ്എസ് കല്‍പ്പേനി ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിലാണ്. കൂടാതെ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ 5 ബോട്ടുകളും നാവികസേനയുടെ 4 ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും കേരള തീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ ഇന്നും തിരച്ചില്‍ തുടരും.
മല്‍സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി ഒപ്പം കൂട്ടിയിട്ടുണ്ട്. കടലില്‍പ്പെട്ട 36 പേരെ കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരയ്‌ക്കെത്തിച്ചിരുന്നു. ആളില്ലാതെ ഒഴുകി നടന്ന 4 ബോട്ടുകള്‍ ഇന്നലെ കണ്ടെടുത്തു. ലക്ഷദ്വീപ് ഭാഗങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ അഭ്യര്‍ത്ഥിച്ചതനുസരിച്ച് 12,000 ലിറ്റര്‍ കുടിവെള്ളവും സേന എത്തിച്ചുകഴിഞ്ഞു. ഇന്നും ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങള്‍ മിനിക്കോയ് കവരത്തി ദ്വീപുകളില്‍ സേന എത്തിക്കും. ഓഖി കാരണം കടലില്‍ അകപ്പെട്ട 148 പേരെയാണ് നാവികസേന ഇതുവരെ രക്ഷപ്പെടുത്തിയത്.
ഇതിനിടെ ഓഖി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ അപാകത ഉണ്ടായെന്ന് കെസിബിസി ആരോപിച്ചു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്, കേന്ദ്രം സമ്പൂര്‍ണ പാക്കേജ് അനുവദിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തക്ക സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനാകുമായിരുന്നു എന്നാണ് കെസിബിസിയുടെ വിമര്‍ശനം. ആദ്യ ദിനങ്ങളില്‍ വേണ്ടത്ര ഗൗരവം ഉണ്ടായില്ല. തീരദേശവാസികളെ നിസാരമായി കാണുന്ന സ്ഥിതി മാറണമെന്നും കെസിബിസി ചെയര്‍മാനും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം.സുസൈപാക്യം പറഞ്ഞു.
മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി ഭാവിയില്‍ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉണ്ടാകണം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും കെസിബിസി പ്രതികരിച്ചു. കത്തോലിക്ക സഭ ഈ മാസം 10ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കും. അന്ന് സമാഹരിക്കുന്ന തുക തീരദേശവാസികളുടെ സഹായത്തിനായി നല്‍കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam