കുതിരാന് കുരുക്കായി അഗ്നിരക്ഷാസേന; നിയമലംഘനം നടന്നെന്ന് തച്ചങ്കരി

By Web DeskFirst Published Dec 14, 2017, 2:08 PM IST
Highlights

തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ഇരട്ടതുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തിന് കുരുക്കായി അഗ്നിരക്ഷാസേനയുടെ റിപ്പോര്‍ട്ട്. ആറ് വരിപാതയായി നവീകരിക്കുന്ന പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ മണ്ണൂത്തിക്കും വടക്കാഞ്ചേരിക്കും മധ്യേ കുതിരാന്‍ മലകള്‍ തുരന്നാണ് ഇരട്ടതുരങ്കം നിര്‍മ്മിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങളില്‍ ഒന്ന് അടുത്ത മാസം തുറന്നു കൊടുക്കാന്‍ അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനു മുന്നോടിയായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തുരങ്കത്തിനുള്ളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 

പണി തുടങ്ങുന്നതിനു മുന്‍പും ഉദ്ഘാടനത്തിന് മുന്‍പും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് അഗ്‌നിരക്ഷാ സേന മേധാവി ടോമിന്‍ ജെ തച്ചങ്കരി  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്‍പ്  അഗ്‌നിസുരക്ഷയുടെ ഭാഗമായുള്ള 9 സൗകര്യങ്ങളും ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. തുരങ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനം, ഇരുപത്തിനാല് മണിക്കൂറും വെളിച്ചം,അടിയന്തര സാഹചര്യങ്ങളില്‍ ടെലിഫോണ്‍ സൗകര്യം എന്നിവ ഒരുക്കണം. 

തീപിടുത്തമുണ്ടായാല്‍ ഉപയോഗിക്കാന്‍ വെള്ളവും ഫയര്‍ ഹൈഡ്രന്റ് സംവിധാനവും വേണം. കൂടാതെ അപകടമുണ്ടായാല്‍ ജനങ്ങളെ വിവരം അറിയിക്കാനുള്ള സൗകര്യങ്ങളും  സൈന്‍ ബോര്‍ഡുകളും ഒരുക്കണമെന്നും കത്തില്‍ പറയുന്നു. അഗ്‌നിരക്ഷാ സേനയുടെ അനുമതി വാങ്ങിയില്ലെങ്കില്‍ ഏറെക്കാലത്തെ സ്വപ്നമായ പദ്ധതി ഇനിയും വൈകും. എന്നാല്‍ ഡിസംബറിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും ജനുവരിയില്‍ ഉദ്ഘാടനം നടക്കുമെന്നുമാണ് തുരങ്കത്തിന്റെ നിര്‍മ്മാതാക്കളായ പ്രഗതി എന്‍ഞ്ചിനീയറിംഗ് ആന്‍ഡ് റെയില്‍ പ്രൊജക്ട്‌സ് കമ്പനി അറിയിച്ചിട്ടുള്ളത്. 

click me!