ഖത്തര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കുവൈത്ത്; ഇറാന്‍ യുദ്ധകപ്പലുകള്‍ ഒമാന്‍ തീരത്ത്

By Web DeskFirst Published Jun 12, 2017, 6:44 AM IST
Highlights

ദുബായ്: പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കുവൈത്ത്. അയല്‍ രാജ്യങ്ങളുടെ ഉത്കണ്ഠ ഉള്‍ക്കൊള്ളാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പറഞ്ഞു. ഇതിനിടെ ഇറാന്റെ രണ്ടു യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്ത് പട്രോളിംഗ് നടത്തുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ ഫലം കാണുമെന്നു പ്രത്യാശ പ്രകടിപ്പിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി മേഖലയില്‍ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ എത്രയും പെട്ടെന്ന് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ചു ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോറോളം അന്തരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉപരോധത്തെ തുടര്‍ന്ന് സൗദി, യു എ ഇ, ബഹ്‌റൈന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ കഴിയുന്ന ഏഴായിരത്തോളം വരുന്ന ഖത്തരി കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്ക് പരാതി നല്‍കിയത്. മക്കയിലെ ഹറം പള്ളിയില്‍ ഖത്തരി പൗരന്മാരെ തടഞ്ഞു വെച്ച സംഭവത്തെയും നിയമപരമായി നേരിടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലും ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ പിന്തുണച്ചുകൊണ്ടുള്ള ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ സൗദി പക്ഷത്തുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ വിമോചന സംഘടനയായ ഹമസ് തീവ്രവാദ സംഘടനയല്ലെന്നും അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യ കക്ഷികള്‍ മാത്രമാണ് ഹമാസിനെ തീവ്രവാദ സംഘടനയായി കാണുന്നതെന്നുമായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍താനിയുടെ പ്രതികരണം.

ഇതിനിടെ, ഇറാന്റെ ആല്‍ബോര്‍സ്, ബുഷഹര്‍ എന്നീ യുദ്ധ കപ്പലുകള്‍ ഒമാന്‍ തീരത്ത് പട്രോളിംഗ് നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മേഖലയില്‍ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒമാന്‍ തീരം വഴി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു ഗള്‍ഫ് ഏദന്‍ ഭാഗത്ത് നങ്കൂരമിടാനാണ് കപ്പലുകള്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. എന്നാല്‍ പതിവ് പട്രോളിംഗിന്റെ ഭാഗമായാണ് യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തെത്തിയത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍ കരുതലുകളുടെ ഭാഗമായാണ് കപ്പലുകള്‍ പട്രോളിംഗ് നടത്തുന്നതെന്നും സൂചനയുണ്ട്.

click me!