
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികൾ നിയമവിധേയമല്ലാതെ സമ്പാദിച്ച ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കും. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിരവധിപേര്‍ ഡ്രൈവിങ് ലൈസൻസ് സമ്പാദിച്ചതായി സംശയം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഗാർഹിക തൊഴിലാളികൾ, പിആർഒമാർ ഉൾപ്പെടെ കമ്പനികളിലെ നിശ്ചിത തസ്തികകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ ഒഴികെ കുവൈത്തില്‍ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ മാനദണ്ഡങ്ങൾ നിലവിലുണ്ട്. 600 ദിനാർ മാസശമ്പളം, സർവകലാശാലാ ബിരുദം, കുവൈത്തിൽ രണ്ടുവർഷം താമസം എന്നിവയാണ് അവ.
എന്നാൽ, ഈ മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി വിദേശികൾ വ്യാജരേഖകൾ ഉപയോഗിച്ചു ഡ്രൈവിങ് ലൈസൻസ് സമ്പാദിച്ചവരുന്നതായി കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അത്തരം ലൈസൻസുകൾ റദ്ദാക്കുന്നതിന് ഗതാഗതവിഭാഗം നടപടി ആരംഭിച്ചിട്ടുള്ളത്.
ഇതിനു മുന്നോടിയായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈഇയുടെ നിർദേശാനുസരണം സംശയാസ്പദമായ ഡ്രൈവിങ് ലൈസൻസുകൾ അവലോകനം ചെയ്യുന്ന നടപടി ആരംഭിച്ചു. അതേസമയം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ സംബന്ധിച്ചു ഗതാഗതവിഭാഗം പദ്ധതി തയാറാക്കും. നിർദേശങ്ങൾ താമസിയാതെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിനു സമർപ്പിക്കും.
വിദേശിയുടെ പേരിൽ ഒന്നിൽ കൂടുതൽ കാർ റജിസ്ട്രേഷൻ അനുവദിക്കാതിരിക്കുക, കാലപ്പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കി നൽകാതിരിക്കുക, റോഡ് സൗകര്യങ്ങൾ വർധിപ്പിക്കുക, ബസ് സ്റ്റോപ്പുകളുടെ നവീകരണവും അടിസ്ഥാന സൗകര്യവികസനവും തുടങ്ങിയവ നിർദേശങ്ങളിൽ ഉൾപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam