കുവൈറ്റ് ആരോഗ്യവകുപ്പ് മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യംചെയ്യുമെന്ന് ഒരുകൂട്ടം എംപിമാര്‍

By Web DeskFirst Published Dec 19, 2017, 2:11 AM IST
Highlights

പുതുതായി ചുമതലയേറ്റ കുവൈറ്റ് ആരോഗ്യവകുപ്പ് മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യംചെയ്യുമെന്ന് ഒരുകൂട്ടം എംപിമാര്‍. വിദേശികളുടെ ചികിത്സാ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരക്കുവര്‍ധന പുനഃപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്‍താവനയാണ് എംപിമാരെ ചൊടിപ്പിച്ചിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് വിദേശികള്‍ക്ക് മാത്രമായി ചികില്‍സാ ഫീസ് വര്‍ധിപ്പിച്ചത്.

മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്കുവര്‍ധന സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കുമെന്ന് ഡോ. ഷേഖ് ബാസെല്‍ അല്‍ സാബാ അറിയിച്ചത്. ആവശ്യമെങ്കില്‍ നിരക്കുവര്‍ധന തുടരുമെന്നും അല്ലാത്തപക്ഷം തീരുമാനം റദ്ദാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‍താവന. ഇതിനെതിരെയാണ് പാര്‍ലമെന്റ് അംഗങ്ങളായ സാഫാ അല്‍ ഹഷീം,ഫൈസല്‍ അല്‍ കന്ദരി,മജീദ് അല്‍ മുതൈരി, സാലൈ അസ്‌ഹോര്‍ എന്നിവര്‍ രംഗത്ത് വന്നിരിക്കുന്നത്.ഇതില്‍ ഫൈസല്‍ അല്‍ കന്ദരി,സാലൈ അസ്‌ഹോര്‍ തീരുമാനവുമായി മുന്നോട്ട് പോകുയാണങ്കെില്‍ മന്ത്രിയെ ചോദ്യം ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഫീസ് വര്‍ധനവ് മൂലം  സര്‍ക്കാര്‍ മെഡിക്കല്‍ സെന്ററുകളിലെത്തുന്ന വിദേശി രോഗികളുടെ എണ്ണം ഗണ്യമായി കുറയുമെന്നതിനാല്‍ മുന്‍ വകുപ്പ് മന്ത്രിയുടെ തീരുമാനത്തെ നിരവധി എംപിമാര്‍ സ്വാഗതം ചെയ്‍തിരുന്നു.

എന്നാല്‍, രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മേഖലയുടെ വികസനത്തിനായി സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന് ഷേഖ് ബാസല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെ ഏല്ലാ മുന്‍ മന്ത്രിതല ഉത്തരവുകളും പുനഃപരിശോധിക്കുകയും, ആവശ്യമെങ്കില്‍ ഭേദഗതി വരുത്തുകയും ചെയ്യും.  ആരോഗ്യ, ചികിത്സാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിരിക്കും പ്രഥമ പരിഗണന.

click me!