കുവൈത്തില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

By Web DeskFirst Published Nov 25, 2016, 6:44 PM IST
Highlights

കുവൈത്ത് സിറ്റി: പതിനഞ്ചാമത് പാര്‍ലമെന്‍റ് തെര‍ഞ്ഞെടുപ്പിനൊരുങ്ങി കുവൈത്ത്. ഇന്ന് രാവിലെ മുതല്‍ പോളിംഗ് ആരംഭിക്കും. തെരഞ്ഞെടുപ്പിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തികരിച്ചിട്ടുണ്ടന്ന് ആഭ്യന്തമന്ത്രാലയം അറിയിച്ചു. 50 അംഗ പാര്‍ലമെന്റിലേക്ക് തങ്ങളുടെ ഇഷ്‌ട പ്രതിനിധികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കുവൈറ്റ് ജനത ഇന്ന് രാവിലെ മുതല്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ ക്യൂ നില്‍ക്കും. ഇന്നലെ ഭരണഘടന കോടതിയുടെ ഉത്തരവ് ലഭിച്ചവര്‍ അടക്കം 297 സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ട്. ഇതില്‍ 14 വനിതകളും ഉള്‍പ്പെടും.

അഞ്ചു പ്രധാന പോളിങ് സ്റ്റേഷനുകളുള്‍പ്പെടെ രാജ്യത്തെ 105 സ്കൂളുകളിലാണ് വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ വോട്ടിങ് സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കുന്നതിന്  വോട്ടര്‍മാര്‍ക്കായി 10 സ്കൂളുകളില്‍ പ്രത്യേക സെന്ററുകള്‍ തുറന്നിട്ടുണ്ട്. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയായി ഓരോ മണ്ഡലങ്ങളിലും രണ്ട് ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ഉണ്ടാകും.

സ്വദേശി ജനസംഖ്യ 13 ലക്ഷമാണുള്ളത്. ഇതില്‍ പോലീസ്,പട്ടാളം തുടങ്ങിയവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ടവാകശമില്ല. കൂടാതെ, പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണവും കഴിച്ച് 4,83,186 വോട്ടര്‍മാരുടെ ലിസ്റ്റാണ് പോളിംഗിന് ഉപയോഗിക്കുന്നത്. രാജ്യം അഞ്ച് മേഖലകളായി തിരിച്ച് ഒരോ മണ്ഡലങ്ങളാക്കിയിരിക്കുകയാണ്. ഒരു മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ തേടുന്ന പത്ത് പേരെയാണ് തെരഞ്ഞെടുക്കുക.

പേപ്പര്‍ ബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ്.സ്‌ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 52.31 ശതമാനം. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് 15,000-ത്തോളം വിവധ-സുരക്ഷ സേനകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്.

click me!