''ജസ്ന സനോജേട്ടനുമായി വിവാഹം ഉറപ്പിച്ചിരുന്ന കുട്ടിയായിരുന്നു. വിവാഹ തീയതിയും കുറിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അവർ കല്യാണത്തോടടുത്തെത്തിയത്. പക്ഷേ അവരെ കാത്തിരുന്നത് ഇത്ര വലിയ പ്രതിസന്ധിയായിരുന്നു'-.വി കെ സനോജിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ്.
കണ്ണൂർ: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിന്‍റെ സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നത്. മട്ടന്നൂരിലെ സിപിഎം സ്ഥാനാർഥി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ വി കെ സനോജാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. രജീഷ് കുമർ അഭിമന്യുവാണ് വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. കോളേജ് കാലത്തെ പ്രണയത്തെ ജീവിതത്തോട് ചേർക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ വികെ സനോജ് നേരിട്ട പ്രതിസന്ധിയെക്കുറിച്ചും, മരണത്തോട് കലഹിച്ച പ്രണയിനി ജസ്നയെ ജീവിത്തതിലേക്ക് തിരിച്ച് പിടിക്കാൻ സനോജ് കുടുംബത്തോടൊപ്പം ഉറച്ച് തിന്ന സനോജിന്‍റെ വ്യക്തിത്വത്തെയും കുറിച്ചാണ് കുറിപ്പ്.
നർത്തകിയും അഭിനേത്രിയുമൊക്കയായ നീണ്ട മുടിയൊക്കെയുള്ള പെൺകുട്ടി. കൃഷ്ണമേനോൻ വനിതാ കോളേജിലെ വിദ്യാർത്ഥിനിയായിരിക്കെയാണ് ജസ്നയുമായി കോളേജിന്റെ ചുമതലയുള്ള എസ്എഫ്ഐയുടെ ജില്ലാനേതാവായ സനോജ് അടുപ്പത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കെയാണ് ജസ്നക്ക് രോഗം പിടിപെട്ടത്. ഗുരുതരാവസ്ഥയിലായ പ്രണയിനിക്കൊപ്പം അന്നുമുതൽ ആത്മബലം നൽകി കൂടെ നിന്ന സനോജിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് രജീഷ് കുറിപ്പിൽ പറയുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേദനയ്ക്കു മുന്നിൽ അയാൾ എങ്ങനെയാണ് നിലകൊള്ളുന്നു എന്നതാണ് അയാളുടെ വ്യക്തിത്വമെന്നും, മട്ടന്നൂർ മണ്ഡലത്തിൽ വി കെ മത്സരിക്കുമ്പോൾ, മത്സരത്തിന് മുമ്പേ തന്നെ അദ്ദേഹം ജയിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നുവെന്നും രജീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
ഒരാളെ വിലയിരുത്താൻ അയാളുടെ ദൈര്‍ഘ്യമേറിയ പ്രസംഗങ്ങൾ കേൾക്കുകയോ പ്രത്യയശാസ്ത്ര ഗ്രാഹ്യം നിറഞ്ഞ എഴുത്തുകൾ വായിക്കുകയോ ചെയ്യേണ്ടതില്ല. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേദനയ്ക്കു മുന്നിൽ അയാൾ എങ്ങനെയാണ് നിൽക്കുന്നത് എന്ന് കണ്ടാൽ മതി. മനുഷ്യൻ തന്റെ ഏറ്റവും purest form-ൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അവന്റെ vulnerabilities പുറത്തുവരുന്ന നിമിഷങ്ങളിലാണ്. ശക്തിയേക്കാൾ സത്യസന്ധതയും, വാക്കുകളേക്കാൾ നിശ്ശബ്ദമായ ആശങ്കകളും, വിജയങ്ങളേക്കാൾ മനുഷ്യബന്ധങ്ങളുടെ ആഴവും അപ്പോഴാണ് തെളിഞ്ഞു കാണുന്നത്. ഞാൻ സഖാവ് വി കെ സനോജിനെ കൂടുതൽ അടുത്തറിയുന്നത്, അത്രമേൽ കനത്ത പ്രതിസന്ധികളെ വ്യക്തിജീവിതത്തിൽ അദ്ദേഹം നേരിടുന്ന ഒരു കാലത്താണ്.
മംഗലാപുരത്ത് പഠിക്കുന്ന സമയത്ത് ഒരു വൈകുന്നേരമാണ് സനോജേട്ടന്റെ ഫോൺ കോൾ വരുന്നത്. “എടാ, ജസ്ന സുഖമില്ലാതെ ഒമേഗാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. സമയം പോലെ നീ ഒന്ന് അങ്ങോട്ട് പോകണം. അവളുടെ അച്ഛൻ കൂടെയുണ്ട്. പക്ഷേ ഭാഷാ പരിമിതി ഒരു പ്രശ്നമാണ്.” അന്ന് വൈകുന്നേരം ഞാൻ ഒമേഗയിലേക്ക് പോയി. കണ്ണൂരിലെ കൊയ്ലി ഹോസ്പിറ്റലിൽ മൂന്ന് ദിവസത്തെ കിടപ്പിന് ശേഷമാണ് ജസ്നയെ മംഗലാപുരത്തേക്ക് മാറ്റിയത്. അപ്പോഴേക്കും അവൾ നന്നേ ക്ഷീണിതയായിരുന്നു. രോഗലക്ഷണങ്ങൾ മാറിമാറി പ്രകടമായതിനാൽ ഒമേഗാ ഹോസ്പിറ്റലിലെ ഡോക്ടർമാരും രോഗാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ പ്രയാസപ്പെട്ടു. അതേസമയം ജസ്ന കൂടുതൽ ക്ഷീണിതയാവുകയും ചെയ്തു. അങ്ങനെയാണ് ദേശാഭിമാനിയിലെ അനീഷേട്ടന്റെ സഹായത്തോടെ അവളെ കെ എം സി ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്. അവിടെയും പത്ത് പതിമൂന്ന് ദിവസം കിടക്കേണ്ടി വന്നു. ഈ ദിവസങ്ങളത്രയും സനോജേട്ടൻ മംഗലാപുരത്തുണ്ടായിരുന്നു. ക്ലാസുകൾ ഒഴിവാക്കി ഞാനും പരമാവധി കൂടെ നിന്നു. നാട്ടിൽ നിന്ന് വിമലേട്ടനും ഷാജിയേട്ടനുമൊക്കെയെത്തി. പക്ഷേ ഞങ്ങൾക്കാർക്കും ആശ്വസിപ്പിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു സനോജേട്ടന്റെ മാനസികാവസ്ഥ.
ജസ്ന സനോജേട്ടനുമായി വിവാഹം ഉറപ്പിച്ചിരുന്ന കുട്ടിയായിരുന്നു. വിവാഹ തീയതിയും കുറിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അവർ കല്യാണത്തോടടുത്തെത്തിയത്. പക്ഷേ അവരെ കാത്തിരുന്നത് ഇത്ര വലിയ പ്രതിസന്ധിയായിരുന്നു. പതിമൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് കെ എം സി യിലെ ഡോക്ടർമാർ ജസ്നയെ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചത്. രക്തത്തിലെ ഗുരുതരമായ അണുബാധയാണ് പ്രശ്നമെന്നും കെ എം സി യേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അമൃതയിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്റെ ജീവിതത്തിൽ അതിന് മുമ്പും ശേഷവും അനുഭവിച്ചിട്ടില്ലാത്ത പിരിമുറുക്കമായിരുന്നു മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് ജസ്നയേയും കൊണ്ടുള്ള ആ യാത്ര. സനോജേട്ടനും ജസ്നയുടെ അച്ഛനുമൊപ്പം ഞാനും വിമലേട്ടനും, കൂടെ കെ എം സി യിലെ ഒരു ഡോക്ടറും. അക്ഷരാർത്ഥത്തിൽ ജീവനും കൊണ്ടുള്ള ഒരു ഓട്ടം. ആ വാക്കിന്റെ അർത്ഥം അന്ന് നമുക്ക് യഥാർത്ഥത്തിൽ അനുഭവിച്ചറിയാനായി. അമൃതയിലും ആ ഓട്ടം നിന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം വെല്ലൂരിലേക്ക്. ഒടുവിൽ അവിടെനിന്നാണ് ജസ്ന ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.
ഈ പ്രതിസന്ധി കാലമത്രയും വി കെ ഒരു കുഞ്ഞിനെപ്പോലെ ജസ്നയെ കരുതലോടെ നോക്കി. വീണുപോകാതെ താങ്ങായി നിന്നു. ഒടുവിൽ അവർ സ്വപ്നം കണ്ട ജീവിതത്തിലേക്ക് പതിയെ കൈപിടിച്ച് നടത്തിച്ചു. സിനിമയിൽ കാണുന്ന പോലെ ഒരു അതിജീവന കഥ ഞാൻ എന്റെ കൺമുന്നിൽ കണ്ടനുഭവിച്ചു. മരണത്തോട് കലഹിച്ച് ജസ്നയെ തിരിച്ചു പിടിക്കാൻ അവളുടെ അച്ഛനോടൊപ്പം വി കെ ഉറച്ച് നിന്നു. ആ ദിവസങ്ങളിൽ ഞാൻ എന്റെ മുന്നിൽ കണ്ടത് ഒരു പച്ച മനുഷ്യനെയായിരുന്നു. വൈകാരികമായ പ്രക്ഷുബ്ധതകളിൽ കരഞ്ഞും, നിരാശപ്പെട്ടും, വീണ്ടും പ്രതീക്ഷയോടെ കാത്തുനിന്നും തന്റെ പ്രണയിനിക്കായി നിലകൊണ്ട ഒരു മനുഷ്യനെ. മട്ടന്നൂർ മണ്ഡലത്തിൽ വി കെ മത്സരിക്കുമ്പോൾ, മത്സരത്തിന് മുമ്പേ തന്നെ അദ്ദേഹം ജയിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അടിമുടി ആ നാടിന്റെ സ്വത്താണ് വി കെ. മട്ടന്നൂർ കോളേജിൽ നിന്ന് തുടങ്ങിയ ആ ആത്മബന്ധം ഇന്നും അതേ പോലെ ആ നാടുമായി അദ്ദേഹത്തിനുണ്ട്.
ഉറപ്പായും ജയിക്കുന്ന ആ മണ്ഡലത്തിലെ മനുഷ്യർ അത്രമേൽ ഭാഗ്യവാന്മാരാണ്. മനുഷ്യാവസ്ഥയെ അതിന്റെ വൈകാരിക പരിസരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ, അവരുടെ ഹൃദയം തൊടാൻ, കൂടെ ചിരിക്കാൻ, താങ്ങും കരുത്തും കരുതലുമാകാൻ കഴിയുന്ന ഒരു ചെറുപ്പക്കാരനെയാണ് മട്ടന്നൂർ അതിന്റെ നേതൃത്വത്തിലേക്ക് കാണുന്നത്. രാഷ്ട്രീയ വിഷയങ്ങളോടൊപ്പം ജീവിതത്തിലെ ആ കഠിന ദിവസങ്ങളിൽ ഞാൻ കണ്ട മനുഷ്യനിൽ എനിക്ക് ഉണ്ടായ വിശ്വാസം തന്നെയാണ് ഇന്ന് അദ്ദേഹത്തിന്റെ ഈ പുതിയ യാത്രയ്ക്ക് ആശംസകളും പിന്തുണയും നൽകാൻ എന്റെ കാരണമാകുന്നത്.


