കെ.വി.എം എഞ്ചിനീയറിങ് കോളേജ് അടച്ചു പൂട്ടുന്നു; വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

By Web DeskFirst Published Mar 5, 2018, 9:42 PM IST
Highlights
  • സാമ്പത്തിക നഷ്ടം മൂലം കോളേജ് നടത്തിപ്പ് അസാധ്യം
  • ഔദ്യാഗികമായി യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല

ആലപ്പുഴ: കെ.വി.എം മാനേജ്‌മെന്റിനു കീഴിലുള്ള ചേർത്തല മണവേലിയിലുള്ള എഞ്ചിനീയറിങ് കോളേജ് അടച്ചുപൂട്ടാനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക നഷ്ടം മൂലം കോളേജ് നടത്തിപ്പ് അസാധ്യമാണെന്ന് മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അവര്‍ക്ക് തൃപ്തികരമായ  മറുപടിയില്ല കോളജ് അധികൃതര്‍ നല്‍കുന്നത്. കേരളാ സാങ്കേതിക യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജ് അടച്ചുപൂട്ടുമ്പോള്‍ യൂണിവേഴ്‌സിറ്റിയാണ് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നാണ് അധികൃതര്‍ പറയുന്നത്.

ഒരു കോളേജ് അടച്ചുപൂട്ടുമ്പോള്‍  വിദ്യാര്‍ഥികളെ അവര്‍ താല്പര്യപ്പെടുന്ന കോളേജിലേക്ക് മാറ്റണമെന്നാണ് നിയമം. എന്നാല്‍ നിലവില്‍ ഒന്നിലധികം കോളേജുകള്‍ അടച്ചു പൂട്ടുവാന്‍ യൂണിവേഴ്‌സിറ്റിക്ക് മെമോ കൊടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോളേജ് കുട്ടികള്‍ക്ക് തെരഞ്ഞെടുക്കുവാനുള്ള അവസരം നഷ്ടപ്പെടും. മാത്രമല്ല, തുടര്‍പഠനം നടത്തുന്ന കോളേജില്‍ ഉയര്‍ന്ന ഫീസ് ഘടനയാണെങ്കില്‍ അതും വിദ്യാര്‍ഥികള്‍ താങ്ങേണ്ടിവരും. 

കോളേജ് പൂട്ടുന്നതിനെ പറ്റിയോ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ സംബന്ധിച്ചോ ഔദ്യാഗികമായി യാതൊരു അറിയിപ്പും അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ നല്‍കിയിട്ടില്ല. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിമാരെ ഇതിനോടകം തന്നെ പിരിച്ചുവിട്ടു. മറ്റ് അധ്യാപകരേയും ക്രമേണ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. നാളെ മുതല്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് വിദ്യാര്‍ഥികള്‍. കച്ചവട താല്പര്യം മുന്‍നിര്‍ത്തി ഡെന്റല്‍ കോളേജ് തുടങ്ങുവാന്‍ വേണ്ടിയാണ് എന്‍ജിനീയറിങ് കോളേജ് അടച്ചുപൂട്ടുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

click me!