
ചേര്‍ത്തല: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ ( യുഎന്‍എ) നേതൃത്വത്തില്‍ ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സ്ഥാപിച്ച നഴ്‌സുമാരുടെ സമരപന്തല്‍ തകര്‍ത്തു. അനിശ്ചിതകാല സമരത്തിന്റെ 312 -ാം ദിവസമായ ഇന്ന് രാവിലെ 10 മണിയോടെ നഴ്‌സുമാരെത്തിയപ്പോഴാണ് ആശുപത്രിയിലെ പിആര്‍ഒയുടെ നേതൃത്വത്തിലുള്ള നാലംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്ന് യുഎന്‍എ ആരോപിച്ചു.
ഈ സമയം സമരപന്തലില്‍ ഉണ്ടായിരുന്ന ഇരുപത്തിയഞ്ചോളം സ്ത്രീ നഴ്‌സുമാരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം വിളിച്ചു. സമരം നിര്‍ത്തിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ആക്രോശിച്ചുകൊണ്ട് സമരക്കാരുടെ കസേരകള്‍ അടിച്ചുതകര്‍ത്തു. ഈ സമയവും ഇരുന്ന കസേരകളില്‍ നിന്നെഴുന്നേല്‍ക്കാതെ നഴ്‌സുമാര്‍ മുദ്രാവാക്യം മുഴക്കികൊണ്ടിരുന്നു.
സംഭവമറിഞ്ഞ പൊലീസ് നഴ്‌സുമാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി. ഗുണ്ടാ ആക്രമണത്തിനിതിരെ പരാതിയും എഴുതി വാങ്ങി. ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നിലെ സമരപന്തല്‍ പൊളിക്കരുതെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് ആശുപത്രിയിലെ പേഷ്യന്‍റ് റിലേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ പുറമെ നിന്നുള്ള ഏതാനും ഗുണ്ടകളുമായി സമരപന്തലില്‍ ആക്രമണം നടത്തിയത്.
ഇന്നലെ രാവിലെ പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ആശുപത്രി പടിക്കല്‍ സമരപന്തല്‍ പാടില്ലെന്ന് മുന്നറിയിപ്പുമായി നഴ്‌സുമാരോട് തര്‍ക്കിച്ചിരുന്നു. സംഭവങ്ങളില്‍ ഗൗരവമായ ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ട് കെവിഎമ്മിലെ യുഎന്‍എ യൂണിറ്റ് നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കി. 312 ദിവസമെത്തിയ സമരത്തെ കണ്ടില്ലെന്ന് നടിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് യുഎന്‍എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് ആവശ്യപ്പെട്ടു.
കോരിച്ചൊരിയുന്ന മഴയത്തും ആശുപത്രിക്ക് മുന്നിലെ സമരപന്തലില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവിടത്തെ നഴ്‌സുമാര്‍. ലോകം ബഹുമാനിക്കുന്ന രക്തസാക്ഷി ലിനിയുടെ വര്‍ഗത്തോട് കരുണകാണിക്കേണ്ടത് പുരസ്‌കാരവും ഇന്‍ക്രിമെന്റും പ്രഖ്യാപിച്ചല്ല, തെരുവില്‍ മഴയും വെയിലുമേറ്റ് 10 മാസത്തിലധികമായി സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് നീതി നേടികൊടുത്താവണമെന്നും ഷോബി ജോസഫ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam