
ഖത്തര്‍: ഖത്തറില്‍ വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിക്കുന്നു. ഇതുസംബന്ധിച്ച പുതിയ കരട് നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിവരുന്ന കാലതാമസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കരട് നിയമത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇത് പ്രകാരം തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ എന്ന പേരില്‍ ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കും.
തൊഴിലുടമക്കെതിരെ തൊഴിലാളികള്‍ വ്യക്തിപരമായി സമര്‍പ്പിക്കുന്ന പരാതികളാണ് സമിതിയുടെ പരിധിയില്‍ വരിക. തര്‍ക്കങ്ങള്‍ പരമാവധി രമ്യമായി പരിഹരിക്കാനായിരിക്കും സമിതി ശ്രമിക്കുക. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും പരിഹാരം നിര്‍ദേശിക്കുക. അതേസമയം മൂന്നാഴ്ചക്കകം പരാതിയില്‍ പരിഹാരം കണ്ടെത്തണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. സമിതിയുടെ തീരുമാനം റദ്ദാക്കാനുള്ള അധികാരം അപ്പീല്‍ കോടതികള്‍ക്ക് മാത്രമായിരിക്കും.
സമിതിയുടെ തീരുമാനങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ വേഗത്തില്‍ നടപ്പാക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു. തൊഴിലുടമ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെങ്കില്‍ മാത്രം തൊഴിലാളിക്ക് നേരിട്ട് തര്‍ക്ക പരിഹാര സമിതിയില്‍ പരാതി നല്‍കാവുന്നതാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് നിയമാനുസൃതമല്ലെന്ന് കമ്മിറ്റി കണ്ടെത്തിയാല്‍ തൊഴിലാളിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള അവകാശവും സമിതിക്കുണ്ടായിരിക്കും. പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് നഷ്ടമായ മുഴുവന്‍ ആനുകൂല്യങ്ങളും സമിതി വഴി തൊഴിലുടമ തൊഴിലാളിക്ക് നല്‍കേണ്ടിയും വരും.
തൊഴിലുടമക്കെതിരെ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ തൊഴിലാളി തന്റെ പരാതി തൊഴിലുടമയെ നേരിട്ട് അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഏഴ് ദിവസത്തിനുള്ളില്‍ തൊഴിലുടമ പ്രതികരിച്ചില്ലെങ്കില്‍ മാത്രമേ മന്ത്രാലയത്തിലെ തൊഴില്‍ വകുപ്പില്‍ പരാതി നല്‍കാന്‍ പാടുള്ളൂ. മന്ത്രാലയത്തില്‍ നിന്ന് ഏഴു ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ തൊഴിലാളിക്ക് തൊഴില്‍ തര്‍ക്ക പരിഹാര സമിതിയെ സമീപിക്കാം. നിയമം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam