സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി വിദേശത്ത്. ഇവർ നാട്ടിലെത്തുമെന്നും വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും പൊലീസ് വ്യക്തമാക്കി

കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി വിദേശത്ത്. ഇവർ നാട്ടിലെത്തുമെന്നും വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരി ഉടൻ നാട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനപ്പുറം മറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ചിദംബരം ഉടൻ മുൻകൂർ ജാമ്യ അപേക്ഷ നൽകിയേക്കും എന്നാണ് വിവരം. എറണാകുളം സൗത്ത് പൊലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് യുവതി സൗത്ത് പൊലീസിനെ സമീപിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ചിദംബരത്തിനെതിരെ കേസെടുക്കുകയായിരുന്നു. 2022 ല്‍ എളംകുളത്തെ തന്‍റെ ഫ്ളാറ്റില്‍ ചിദംബരം അതിക്രമിച്ചു കടന്ന ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയുളള ആക്രമണം,മോശമായ ശാരീരിക സ്പര്‍ശനം എന്നീ കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴി വിശദമായി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പൊലീസ് അറിയിച്ചു. കേസെടുത്തതുമായി ബന്ധപ്പെട്ട് ചിദംബരത്തിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല. പരാതിക്കാരിയായ യുവതി രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിദംബംരം മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നുളള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ചിദംബരത്തോട് അടുത്തവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. ലൈംഗിക അതിക്രമ കേസ് ചുമത്തപ്പെട്ട സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നേടാനുളള നീക്കങ്ങള്‍ ചിദംബരം തുടങ്ങിയെന്നാണ് വിവരം.