
കൊച്ചി: ജാതി വിളിച്ച് ആക്ഷേപിച്ചെന്നുളള ലോ അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ കേസ് ഹൈക്കോടതി തീര്‍പ്പാക്കി. അക്കാദമിയിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് പൊലീസില്‍ നല്‍കിയ പരാതി വിദ്യാര്‍ത്ഥികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചിരുന്നതാണ്. ഈ കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയയാകാന്‍ താന്‍ തയ്യാറാണെന്നും ആരെയും താന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ലക്ഷ്മിനായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ലോ അക്കാഡമിയില്‍ സമരം നടക്കുമ്പോള്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന ആരോപണം ലക്ഷ്മിനായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ 1989ലെ പട്ടിക ജാതി പട്ടിക വര്‍ഗനിയമപ്രകാരമാണ് പൊലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും.
അവധി ദിവസമാണ് ഈ സംഭവം നടന്നതെന്ന വാദത്തെ കുറിച്ചും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് പേരൂര്‍ക്കട പൊലീസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. ഇരുവരും എഐഎസ് പ്രവര്‍ത്തകരും ഇതിലെ വിവേക് എഐഎസ്എഫ് നേതാവുമാണ്.
ഈ പരാതിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതും കോടതി ഹര്‍ജി തീര്‍പ്പാക്കിയതും.പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിചിത്രമാണെന്ന് നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam