ഒരുമിച്ചു ജീവിതം തുടങ്ങിയതിന് കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികൾ നീതി തേടുന്നു

By Web DeskFirst Published Jul 27, 2016, 8:53 AM IST
Highlights

ഒരുമിച്ചു ജീവിതം തുടങ്ങിയതിന് കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികൾ നീതി തേടുന്നു. ചടയമംഗലം മാർത്തോമ കോളേജിലെ വിദ്യാർത്ഥികളായ ലാൽകൃഷ്ണ, അമ്മു എന്നിവരെയാണ് ഒന്നിച്ചുതാമസിച്ചു എന്ന കുറ്റത്തിന് കോളേജിൽനിന്ന് പുറത്താക്കിയത്. കോളേജ് അധികൃതരുടെ നിലപാടിനെതിരെ പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ചടയമംഗലം മാർത്തോമ കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥികളാണ് ലാൽ കൃഷ്ണയും അമ്മുവും. ഇവരെ കാണാതായി എന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് രണ്ടുപേരെയും കണ്ടെത്തിയെങ്കിലും ഇരുവർക്കും പ്രായപൂർത്തി ആയെന്ന് കണ്ട് വിട്ടയച്ചു. എന്നാൽ വീണ്ടും കോളേജിൽ എത്തിയ വിദ്യാർത്ഥികളെ കോളേജ് അധികൃതർ ക്ലാസ്സിൽ കയറ്റിയില്ല. അച്ചടക്കലംഘനം ആരോപിച്ച് കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.


തുടർന്ന് മാതാപിതാക്കൾ ജില്ലാ കളക്ടറെ സമീപിച്ചു. പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് ജീവിക്കുന്നത് അച്ചടക്ക ലംഘനം അല്ലെന്ന് കാണിച്ച് വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ കളക്ടർ ഉത്തരവ് നൽകി. പക്ഷേ കോളേജ് അധികൃതർ വിദ്യാർത്ഥികളെ തിരിച്ചെടുക്കില്ല എന്ന നിലപാടിൽത്തന്നെ ആയിരുന്നു.

പിന്നീട് അമ്മു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോളേജിന്റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഇരുവർക്കും 18 വയസ്സ് കഴിഞ്ഞെങ്കിലും ലാൽകൃഷ്ണക്ക് നിയമാനുസൃത വിവാഹപ്രായമായ 21 വയസ്സായിട്ടില്ല. നിയമ പ്രകാരമുള്ള വിവാഹ ഉടന്പടി ഇല്ലാത്തതുകൊണ്ട് വിദ്യാർത്ഥികളുടേത് ഗുരുതരമായ പ്രവർത്തിയാണെന്നും അവർ അതിന്‍റെ ഫലം അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു. അതേസമയം വിവാഹ ഉടന്പടിയിൽ ഏർപ്പെട്ടില്ലെങ്കിലും 18 വയസുതികഞ്ഞ രണ്ടുപേർക്ക് ഒന്നിച്ച് ജീവിക്കാൻ നിയമതടസ്സം ഇല്ലെന്ന് നിയമവിദഗ്ധർ പറയുന്നു.

കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ ഇവർ ഒരുമിച്ച് താമസിക്കുന്നതിൽ പരാതിയില്ല. ആരും ഇവർക്കെതിരെ പരാതി നൽകിയിട്ടുമില്ല. കോളേജ് അധികൃതർക്ക് മാത്രമാണ് ഇത് അംഗീകരിക്കാനാകാത്തത്. പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് അവരുടെ പഠനം മുടക്കാൻ തീരുമാനമെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
 

click me!