
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ വിവാദത്തില്‍പ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെക്കണമെന്ന് എറണാകുളം അതിരൂപതാ വൈദികര്‍. ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് വൈദികര്‍ കര്‍ദിനാളിനെതിരെ രംഗത്തെത്തിയത്.
കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന് യോഗത്തിലാണ് തീരുമാനം. വൈദിക സമിതിയുടെ യോഗത്തിന് ശേഷം പ്രകടനമായി അരമനയിലെത്തിയ വൈദികര്‍ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട നിവേദനം സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറി. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥലത്തില്ലാത്തതിനാലാണ് നിവേദനം സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറിയത്. സഹായമെത്രാന്‍ കര്‍ദിനാളിന് നിവേദനം കൈമാറും.
ഭൂമിയിടപാടില്‍ സിനഡിന്റെ നിലപാട് അപലപനീയമാണെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതുവരെ ആലഞ്ചേരി മാറി നില്‍ക്കണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു. പ്രകടനമായാണ് മെത്രാന്‍മാര്‍ നിവേദം കൈമാറാനെത്തിയത്. ഭൂമിയിടപാട് സംബന്ധിച്ച എല്ലാ വിവരങ്ങളും മാര്‍പ്പാപ്പയെ അറിയിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ജോര്‍ജ് ആലഞ്ചേരിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ മാര്‍പ്പാപ്പയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്നും ഇത് സഭയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും വൈദികര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം വൈദികരും കര്‍ദിനാളിന് എതിരായതിനാല്‍ നടപടി പ്രതീക്ഷിക്കുന്നതായും വൈദികര്‍ പറഞ്ഞു. ആരോപണവിധേയനായ ആള്‍ അധികാരത്തിലിരിക്കുന്നത് വിശ്വാസികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വൈദികര്‍ പറഞ്ഞു. കപ്യാരുടെ കുത്തേറ്റ് മരിച്ച റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ സംശയമുണ്ടെന്നും വൈദികര്‍ ആരോപിച്ചു. മരണത്തില്‍ സമഗ്രമായ അന്വേഷണം വേണണം. നേരത്തെയും ഫാ. സേവ്യര്‍ തേലക്കാട്ടിനെതിരെ വധശ്രമമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ നശിപ്പിക്കപ്പെട്ടിരുന്നു. തനിക്കെതിരെ അക്രമണമുണ്ടാകുമെന്ന് ഫാ.സേവ്യര്‍ തേലക്കാട്ട് പറഞ്ഞിരുന്നതായും വൈദികര്‍ പറഞ്ഞു.
ഇതിനിടെ ഭൂമിയിടപാടിലെ തര്‍ക്കം സഭയില്‍ തുറന്ന പോരിലേക്ക് നീങ്ങുകയാണ്. വിശ്വാസികള്‍ക്ക് പകരം വൈദികര്‍ തന്നെ സഭാ നേതൃത്വത്തിനെതിരെ കടന്നു വരുന്നത് സഭാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ വൈദിക സമിതിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കര്‍ദ്ദിനാളിനെതിരെ നിലപാട് എടുത്ത വൈദികരെ പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. എറണാകുളം കത്തീഡ്രല്‍ ബസലിക്കയിലും അതിരൂപതാ മന്ദിരത്തിന്റെ മതിലിലുമാണ് പോസ്റ്ററുകള്‍ പ്രത്യപ്പെട്ടത്. ഇതിനിടെ കോഴിക്കോട് സിഎസ്‌ഐ ബിഷപ്പിനെ വിശ്വാസികള്‍ ഉപരോധിക്കുന്നു. ഹൈക്കോടതി ഉത്തരവ് മറികടന്ന് സഭയുടെ സ്ഥലം കൈമാറിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam