ഉരുൾപൊട്ടലില്‍ തകര്‍ന്ന പാല്‍ച്ചുരം അപകടഭീഷണിയുയര്‍ത്തുന്നു

By Web TeamFirst Published Aug 29, 2018, 6:55 AM IST
Highlights

റോഡുകൾ തകർന്ന് കണ്ണൂരിലുണ്ടായത് 223 കോടിയുടെ നഷ്ടം. പല മലയോര ഗ്രാമങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുന്നു.

കണ്ണൂര്‍: ഉരുൾപൊട്ടലിൽ പാടെ തകർന്ന കണ്ണൂർ പാൽച്ചുരത്തിലൂടെയുളള വാഹനയാത്ര അപകടഭീഷണിയുയർത്തുന്നു. അടിത്തറ വരെ കുത്തിയൊലിച്ച് താഴെ വലിയ ഗർത്തമാണ് പാൽച്ചുരത്തില്‍ രൂപപ്പെട്ടത്. അപകടസൂചനാ ബോർഡുകൾ പോലും സ്ഥാപിക്കാനായിട്ടില്ല. വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല.

വാഹനം നിയന്ത്രണം വിട്ടാൽ തടയാനുള്ള മതിലുകൾ പോലും കല്ലിന്മേൽ കല്ല് ബാക്കിയില്ല. തിരക്ക് കൂടി വശത്തേക്ക് ചേർത്ത് നിർത്തേണ്ടി വന്നാൽ വലിയ അപകടം ഉറപ്പ്. ഇത് പ്രധാന പാതയുടെ അവസ്ഥയാണെങ്കിൽ കൊട്ടിയൂർ, നെല്ലിയോടി, കണ്ടപ്പുനം, അയ്യൻകുന്ന് ശാന്തിഗിരി, കരിക്കോട്ടക്കരി, കീഴങ്ങാനം എന്നീ മലയോര ഉൾഗ്രാമങ്ങളിൽ ഇതിലും മോശമാണ് അവസ്ഥ.

റോഡുകൾ തകർന്ന് കണ്ണൂരിൽ 223 കോടിയുടെ നഷ്ടമാണുണ്ടായത്. പല മലയോര ഗ്രാമങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. റോഡുകളും പാലങ്ങളും കുത്തിയൊലിച്ച് മറുകരയെത്താൻ നാട്ടുകാർക്ക് വഴിയില്ലാണ്ടായി. പാലങ്ങളും കലുങ്കുകളും പുനർനിർമ്മിക്കുന്നത് വരെ ഈ ഉരുളൻകല്ലുകളിൽ ചവിട്ടി ജീവൻ കയ്യിൽപ്പിടിച്ചു വേണം കുട്ടികളും രോഗികളുമടങ്ങുന്ന ഇവിടെയുള്ളവരുടെ യാത്രകൾ.

click me!