കമ്മീഷണറേറ്റ് ശുപാർശയെ എതിർത്ത് നിയമവകുപ്പ് സെക്രട്ടറി; ഐപിഎസ്-ഐഎഎസ് തര്‍ക്കം രൂക്ഷം

By Web TeamFirst Published Feb 11, 2019, 7:47 AM IST
Highlights

തെരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷണറേറ്റ് കൊണ്ടുവരാനുള്ള ഐപിഎസ് നീക്കത്തിന് തിരിച്ചടിയായാണ് നിയമ സെക്രട്ടറിയുടെ വിയോജനക്കുറിപ്പ്

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം കമ്മീഷണറേറ്റ് നടപ്പാക്കണമെന്ന ഡിജിപിയുടെ ശുപാർശയെ എതിർത്ത് നിയമവകുപ്പ് സെക്രട്ടറി. ജനസംഖ്യാനുപാധികമായി കമ്മീഷണറേറ്റ് പ്രായോഗികമല്ലെന്നാണ് നിയമോപദേശം. ഇതോടെ കമ്മീഷണറേറ്റിനെ ചൊല്ലിയുള്ള ഐപിഎസ്-ഐഎഎസ് തര്‍ക്കം രൂക്ഷമായി.

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴിൽ കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. തെരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷണറേറ്റ് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയായാണ് നിയമ സെക്രട്ടറിയുടെ വിയോജന കുറിപ്പ്. 

ചെന്നൈ, ബെംഗളൂരു മാതൃകയിൽ കേരളത്തിലും കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ഡിജിപിയുടെ ശുപാർശയിൽ ആഭ്യന്തര സെക്രട്ടറിയാണ് നിയമപദേശം തേടിയാണ്. മെട്രോ പൊളിറ്റൻ സിറ്റിയായി വിജ്ഞാപനം ചെയ്യണമെങ്കിൽ ക്രിമനൽ നടപടി ചട്ടപ്രകാരം നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷം കഴിയണമെന്നാണ് വ്യവസ്ഥയെന്ന് നിയമസെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു. 

2011ലെ സെൻസസ് പ്രകാരം രണ്ടു നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിഞ്ഞിട്ടില്ലാത്തിനാൽ കമ്മീഷണറേറ്റ് പ്രയോഗികമല്ലെന്ന് നിയമ സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. കമ്മീഷണറേറ്റ് സ്ഥാപിതമായാൽ ജില്ലാ കളക്ടറുമാരുടെ കൈവശമുള്ള മജിസ്റ്റീരിയൽ അധികാരങ്ങള്‍ കൂടി ചുമതലയുള്ള ഐജി റാങ്കുള്ള ഐപിഎസ് ഉദ്യോഗസ്ഥനിലേക്ക് കൈമാറേണ്ടി വരും. 

ഇതിനെ ഐഎഎസ് ഉദ്യോഗസ്ഥര്‍  ശക്തമായി എതിർക്കുകയാണ്. നിയമസെക്രട്ടറിയുടെ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇനി ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിരോധം. എന്നാൽ പുതിയ നീക്കത്തിനെതിരായ നിയമസെക്രട്ടറിയുടെ റിപ്പോർട്ടിനെ പൊലീസ് തലപ്പത്തുള്ളവര്‍ തള്ളുകയാണ്. കമ്മീഷണറേറ്റ് സ്ഥാപിക്കാൻ 2014 ൽ തന്നെ സർ‍ക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയതാണ്.

ഓരോ പൊലീസ് സ്റ്റേഷന് കീഴിലേയും ജനസംഖ്യ കൃത്യമായി കണക്കാക്കി തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ജനസംഖ്യ പത്ത് ലക്ഷം കഴിഞ്ഞുവെന്ന ആഭ്യന്തരവകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ ഉത്തരവിറക്കിയതെന്നും പുതിയ ന്യായങ്ങള്‍ ഉയർത്തുന്നത് കമ്മീഷണറേറ്റ് വൈകിപ്പിക്കാനുളള നീക്കമെന്നുമാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ വാദം.

click me!