
ജമ്മു: കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷന് സര്‍ക്കാര്‍ പദവി. അസീം സോനേ എന്ന അഭിഭാഷകനെ സംസ്ഥാനത്തെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറാലായാണ് നിയമിച്ചിരിക്കുന്നത്. കേസിലെ പ്രധാനപ്രതിക്ക് വേണ്ടിയാണ് ഇയാള്‍ കോടതിയില്‍ ഹാജരായത്. പുതിയ പദവി ലഭിച്ചതോടെ ഇനി കത്വ കേസില്‍ ഹാജരാകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു.
എട്ട് വയസുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സംസ്ഥാനത്തെ സുപ്രധാനമായ സര്‍ക്കാര്‍ പദവി സമ്മാനിച്ചത് കടുത്ത രാഷ്ട്രീയ വാദപ്രതിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. ഭരണ കക്ഷിയായിരുന്ന പിഡിപിയും ബിജെപിയും തെറ്റിപ്പിരിഞ്ഞതോടെ ജൂണ്‍ 20 മുതല്‍ സംസ്ഥാനത്ത് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രമാദമായ ബലാത്സംഗക്കേസുകളിലെയും കൊലപാതകങ്ങളിലെയും പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് സമ്മാനമെന്നവണ്ണം പദവികള്‍ കൊടുക്കുന്നത് ഞെട്ടിച്ചുവെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചത്. ആശങ്കയുളവാക്കുന്ന തീരുമാനമെന്ന പ്രതികരണവുമായി ഉമര്‍ അബ്ദുല്ലയും രംഗത്തെത്തി.
എട്ട് വയസുകാരിയായ പെണ്‍കുട്ടി കഴിഞ്ഞ ജനുവരിയിലാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രദേശത്തെ ക്ഷേത്രത്തില്‍ കൊണ്ടുപോയ ശേഷം മയക്കുമരുന്നുകള്‍ നല്‍കുകയും ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അടക്കം പ്രതികള്‍ക്ക് അനുകൂല നിലപാടുമായി രംഗത്തെത്തി. പ്രതികളുടെ നിരപരാധിത്വം തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ത്തി.
സുപ്രീം കോടതിയുടെ ഇടപെടലോടെ പഞ്ചാബിലെ പഠാന്‍കോട്ടിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിച്ച് കേസില്‍ നിന്നുള്ള ശ്രദ്ധതിരിക്കരുതെന്നാണ് കേസില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകയായ ദീപിക സിങ് രജാവത് പ്രതികരിച്ചത്. വിചാരണയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ പല ഹീനമായ കൃത്യങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ദീപിക പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam