തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

By Web DeskFirst Published Jul 29, 2016, 4:49 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. ഏഴ് വാർഡുകളിൽ എൽഡിഎഫും അഞ്ച് വാർഡുകളിൽ യുഡിഎഫും മൂന്ന് വാർഡുകളിൽ ബിജെപിയും ജയിച്ചു. കേരളം ഉറ്റുനോക്കിയ കാസർകോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂർ 1100 വോട്ടിന് ജയിച്ചു. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണവും യുഡിഎഫ് നിലനിർത്തി.

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ പാപ്പനംകോട് വാർഡിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജിസ് ആശാ നാഥ് വിജയിച്ചു. 57 വോട്ടുകൾക്കാണ് ജയം .തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചു. 151 വോട്ടുകൾക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിത വിജയിച്ചത്. തിരുവനന്തപുരം വർക്കല വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള വാർഡിലേക്കുളള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി റീന 134 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ആലപ്പുഴ ചേര്‍ത്തല നഗരസഭയിൽ  ബിജെപി അക്കൗണ്ട് തുറന്നു. പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഡി  ജ്യോതിഷ് 134 വോട്ടുകൾക്ക് വിജയിച്ചു. ആലപ്പുഴ പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര സീറ്റ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
137 വോട്ടുകൾക്ക് ഷൈലജ ഷാജുവാണ് വിജയിച്ചത്.

കോട്ടയം മണർകാട് പഞ്ചായത്തിലെ രണ്ടാം വാർഡ് കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി സിന്ധു കൊരട്ടിയിൽ 198 വോട്ടുകൾക്ക് വിജയിച്ചു. കോട്ടയം മാടപ്പളളി പഞ്ചായത്തിലെ കണിച്ചുകുളം വാർഡ് കോൺഗ്രസ് നിലനിർത്തി. നിഥീഷ് തോമസ് 64 വോട്ടുകൾക്ക് വിജയിച്ചു.

തൃപ്പൂണിത്തുറ നഗരസഭ 39-ാം ഡിവിഷനിലേക്ക്  നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി ശബരിഗിരീശൻ 94 വോട്ടിനാണ് വിജയിച്ചത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണ പുരം പഞ്ചായത്ത് പത്താഴക്കോട് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി കെ എ ഹൈദ്രോസ്
98 വോട്ടുകൾക്ക് വിജയിച്ചു.

പാലക്കാട് ഒറ്റപ്പാലം നഗരസഭ കണ്ണിയമ്പ്രം വായനാശാല വാര്‍ഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ കെ രാമകൃഷ്ണൻ 385 വോട്ടുകൾക്കാണ് വിജയിച്ചത്.  മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ മൂന്നാംവാർഡ് സിപിഎമ്മിന്റെ കയ്യിൽ നിന്ന് ലീഗ് പിടിച്ചെടുത്തു. ലീഗ് സ്ഥാനാർത്ഥി റീന തിരുത്തി 114 വോട്ടുകൾക്ക് ജയിച്ചു.

കോഴിക്കോട് ഓമശേരി ഈസ്റ്റ്  വാര്‍ഡ് ആറിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. 76 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെകെ ഭാസ്കരന്‍ വാര്‍ഡ് നിലനിര്‍ത്തി. കണ്ണൂർ കല്യാശ്ശേരി പഞ്ചായത്തിലെ  ആറാം വാർഡ് എൽഢിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ഡി രമ 505 വോട്ടുകൾക്ക് വിജയിച്ചു.

 

click me!