
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഇന്ന് ആയിരം ദിവസം പൂര്‍ത്തിയാക്കുന്നു. സാമൂഹ്യസുരക്ഷാ രംഗത്തെ ഇടപെടലുകളും ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കലും ഗെയിൽപൈപ്പ് ലൈൻ നിർമ്മാണ പുരോഗതിയും എടുത്തു പറയേണ്ട നേട്ടങ്ങളാണ്. പക്ഷെ വിവാദങ്ങളിൽ മുങ്ങിയ സർക്കാർ കാസർക്കോട്ടെ ഇരട്ടക്കൊലപാതകങ്ങളോടെ കടുത്ത പ്രതിരോധത്തിലായി.
വാർഷികങ്ങളല്ലാതെ, സർക്കാറിൻറെ ആയിരം ദിവസം വെച്ചൊരു ആഘോഷങ്ങൾ പതിവല്ല. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആയിരം ദിവസത്തെ നേട്ടങ്ങൾ ഇടത് സർക്കാർ ആഘോഷിക്കുകയാണ്. ഒരാഴ്ച നീളുന്ന ആഘോഷത്തിനിടെ ആയിരം പുതിയ പദ്ധതികളും പ്രഖ്യാപിക്കും.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 42ലക്ഷത്തില്‍ നിന്ന് 51 ലക്ഷമായി, ഹൈടെക്കായ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തി,ആശുപത്രികളിലെ സൗകര്യങ്ങൾ ഉയർന്നതും ടീം പിണറായിയുടെ നേട്ടങ്ങളായി. ഇഴഞ്ഞു നീങ്ങിയ ഗെയില്‍ പദ്ധതി ലക്ഷ്യത്തിലേക്ക് , ദേശീയ പാത-ദേശീയ ജലപാത തുടങ്ങി അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റം- ഇവയാണ് മറ്റ് പ്രധാന നേട്ടങ്ങള്‍.
മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനം കയ്യടിനേടിയെങ്കിലും പുനർനിർമ്മാണവും പുനരധിവാസവും ഇനിയും ശരിയായിട്ടില്ല. കൊട്ടിഘോഷിച്ച ലൈഫ് മിഷൻ പാളി.അഴിമതിയില്ലെന്ന് പറയുമ്പോഴും ബന്ധുനിയമന വിവാദങ്ങൾ വിടാതെ സർക്കാറിനെ പിന്തുടരുന്നു. അഴിമതിവിരുദ്ധ പ്രതിച്ഛായയുള്ള ജേക്കബ് തോമസ് ഇപ്പോഴും നിയമനം കിട്ടാതെ അലയുന്നു. കയ്യേറ്റങ്ങൾക്കെതിരെ നടപടി എടുത്ത ഉദ്യോഗസ്ഥർക്കൊന്നും വേണ്ട പിന്തുണ കിട്ടിയില്ല.മാണി-ബാബു കോഴക്കേസുകൾ എങ്ങുമെത്തിയില്ല.
കാസർക്കോട്ടെ അരുംകൊലയുടെ ഞെട്ടലിലാണ് സർക്കാറിൻറെ ആയിരംദിനാഘോഷം, പേരിയയയിലെ ഇരട്ടക്കൊലയടക്കം ഈ സർക്കാറിൻറെ കാലത്തെ രാഷ്ട്രീയക്കൊലപാതകങ്ങൾ ആകെ 21 എണ്ണമാണ്. ചെങ്ങന്നൂരിലെ മിന്നും ജയം അക്കൗണ്ടിലുണ്ടെങ്കിലും പിണറായി സർക്കാർ നേരിടുന്ന വലിയ പരീക്ഷണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam