കെപിസിസി പുനസംഘാടനം: അഭിപ്രായങ്ങളുമായി നേതാക്കള്‍

By Web TeamFirst Published Sep 20, 2018, 2:55 PM IST
Highlights

പ്രതിസന്ധികാലത്തെ കെപിസിസി അധ്യക്ഷ പദവി വെല്ലുവിളിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇന്നലെ അതൃപ്തി സൂചിപ്പിച്ച കെ. സുധാകരൻ വർക്കിംഗ് പ്രസിഡണ്ടായത്  ജീവിതത്തിലെ ധന്യമുഹൂ‍ർത്തമാണെന്ന് ഇന്ന് തിരുത്തിപ്പറഞ്ഞു. കെപിസിസിക്ക് ഇനി ജംബോ ഭാരവാഹി പട്ടിക ഉണ്ടാകില്ല. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസിയില്‍ ഹൈക്കമാന്‍ഡ് നടത്തിയ അഴിച്ചു പണിയിൽ അഭിപ്രായങ്ങളുമായി നേതാക്കള്‍. പ്രതിസന്ധികാലത്തെ കെപിസിസി അധ്യക്ഷ പദവി വെല്ലുവിളിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇന്നലെ അതൃപ്തി സൂചിപ്പിച്ച കെ. സുധാകരൻ വർക്കിംഗ് പ്രസിഡണ്ടായത്  ജീവിതത്തിലെ ധന്യമുഹൂ‍ർത്തമാണെന്ന് ഇന്ന് തിരുത്തിപ്പറഞ്ഞു. കെപിസിസിക്ക് ഇനി ജംബോ ഭാരവാഹി പട്ടിക ഉണ്ടാകില്ല. 

മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ പുതിയ കെപിസിസി ടീമിനെ പ്രഖ്യാപിച്ചതിനെ പിന്നാലെയായിരുന്നു കെ. സുധാകരൻ അതൃപ്തി സൂചിപ്പിച്ചത്. പ്രസിഡണ്ടാകാൻ ആഗ്രഹിച്ച് വർക്കിംഗ് പ്രസിഡണ്ടാക്കിയതിലായിരുന്നു നിരാശ. പുതിയ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന സൂചനകൾക്കിടെയാണ് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചത്. എന്നാല്‍, പുതിയ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ടീമായി പ്രവര്‍ത്തിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടിക്കാണ് പ്രസക്തിയെന്നും ഗ്രൂപ്പും വ്യക്തികളും നേതാക്കളും പിന്നാലെയേ വരൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ മുന്നോട്ടു നയിക്കാനും യോജിച്ചു മുന്നോട്ട് കൊണ്ടുപോകനും പ്രാപ്തിയുള്ള നേതാവാണ് മുല്ലപള്ളി എന്ന് മുരളീധരൻ പ്രതികരിച്ചു. വർക്കിങ് പ്രസിഡന്റുമാരും യോഗ്യരെന്നും പുതിയ നേതൃത്വം പാർട്ടിയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നും മുരളി പറഞ്ഞു. സ്ഥാനവും അവശ്യപ്പെട്ടിരുന്നില്ലെന്നും ഒന്നും ആവശ്യപ്പെടാതെ തന്ന സ്ഥാനത്തിന് നന്ദി ഉണ്ടെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

വർക്കിംഗ് പ്രസിഡണ്ടുമാരിൽ പ്രാതിനിധ്യം കിട്ടാത്തതിൽ എ ഗ്രൂപ്പിനും അതൃപ്തിയുണ്ട്. പക്ഷെ കലാപത്തിനില്ല. എ യുടെ പരാതി തീർക്കാനാണ് ബെന്നി ബെഹനാനെ മുന്നണി കൺവീനറാക്കിയത്. പുതിയ ടീമിൽ മലബാറിന് അമിത പ്രാധാന്യം കിട്ടിയെന്നാണ് പാർട്ടിയിലെ മറ്റൊരു പരാതി.
എംഎം ഹസ്സൻ മാറുന്ന സാഹചര്യം കൂടി  നോക്കി സാമുദായിക സമവാക്യങ്ങൾ പാലിച്ചാണ് മൂന്ന് വർക്കിംഗ് പ്രസിഡണ്ടുമാരെ വച്ചത്.
കെപിസിസിയുടെ ഭാരവാഹിപ്പട്ടികയിലും ഉടൻ അഴിച്ചുപണിയുണ്ടാകും. 63 അംഗ ജംബോ കമ്മിറ്റി  40 ലേക്ക് ചുരുങ്ങിയേക്കും. ഒരിടവേളക്ക് ശേഷം കെ മുരളീധരനെ നേതൃപദവിയിലേക്ക് മടക്കികൊണ്ടുവന്നതും ഹൈക്കമാൻഡിൻറെ ശ്രദ്ധേയനീക്കമാണ്.

അതിനിടെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പുനസംഘടനയിൽ പ്രതിഷേധിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഗ്രൂപ്പുകൾക്കതീതരായ നേതാക്കൾക്കാണ് പാർട്ടിയെ നയിക്കാനുള്ള ചുമതല . സജീവമായ ഗ്രൂപ്പുകളെ ഒപ്പം നിർത്തി ദുർബ്ബലമായ സംഘടനാ സംവിധാനത്തെ അഴിച്ചുപണിത് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമകരമായ ദൗത്യമാണ് മുല്ലപ്പള്ളിക്കും സംഘത്തിനും മുന്നിലുള്ളത്.

click me!