ശബരിമല സ്ത്രീപ്രവേശനം, വിധി അന്തിമമോ? നിയമവിദഗ്ധര്‍ക്ക് പറയാനുളളത്

Published : Sep 28, 2018, 01:04 PM IST
ശബരിമല സ്ത്രീപ്രവേശനം, വിധി അന്തിമമോ? നിയമവിദഗ്ധര്‍ക്ക് പറയാനുളളത്

Synopsis

ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്രവിധി അന്തിമമാണോ? ഈ വിധിന്യായത്തിൽ പുനഃപരിശോധനാ ഹർജി സാധ്യമാണോ? നിയമവിദഗ്ധരുടെ പ്രതികരണം ഇങ്ങനെ:  

 

ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്രവിധി അന്തിമമാണോ? ഈ വിധിന്യായത്തിൽ പുനഃപരിശോധനാ ഹർജി സാധ്യമാണോ? നിയമവിദഗ്ധരുടെ പ്രതികരണം ഇങ്ങനെ:

കോൺഗ്രസ് നേതാവ് അജയ് തറയിൽ, യോഗക്ഷേമസഭാ അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി തുടങ്ങിയവർ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജികൾ നൽകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരം ഹർജികൾ നിലനിൽക്കുമോ? ഹർജികൾ കോടതി ഫയലിൽ സ്വീകരിക്കാൻ സാധ്യതയുണ്ടോ?

വിധിയിൽ തൃപ്തരല്ലാത്തവർക്ക് പുനഃപരിശോധനാ ഹർജി നൽകാം. പക്ഷേ വിധിന്യായത്തിന്‍റെ അന്തസത്തയെ ചോദ്യം ചെയ്യുന്ന ഹർജികൾ സ്വീകരിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. കേസ് പരിഗണിച്ച ഭരണഘടനാബഞ്ച് തന്നെയാകും പുനഃപരിശോധന ഹർജികൾ വരുമെങ്കിൽ പരിഗണിക്കുക. രേഖകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, സുപ്രധാന രേഖകൾ പരിശോധിക്കാതിരുന്നു തുടങ്ങിയ സാങ്കേതികമായ പരാതികളാണ് ഹർജിയിലെങ്കിൽ ബഞ്ച് ഹ‍ർജി പരിഗണിച്ചേക്കാം. കോടതിക്ക് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടണം എന്നുമാത്രം.

അതേസമയം, ഈ കേസിൽ വിധിയെ ചോദ്യം ചെയ്ത് സമർപ്പിക്കുന്ന ഹർജികൾ പരിഗണിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കാളീശ്വരം രാജ് പറയുന്നു. പ്രത്യക്ഷമായ തെറ്റുകൾ ഉണ്ടെന്ന് ബഞ്ചിനെ പ്രധമദൃഷ്ഠ്യാ ബോധ്യപ്പെടുത്താൻ കഴിഞ്ഞാലേ ഹർജി പരിഗണിക്കൂ. എന്നാൽ അതിനുള്ള സാധ്യത ഈ കേസിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. വർഷങ്ങളോളം ഇഴകീറി എല്ലാ വാദ, എതിർവാദ സാധ്യതകളും നിലപാടുകളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് വിധി വന്നിരിക്കുന്നത്.

വിധിയുടെ അന്തസത്തയെ ഇനി ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന് അഡ്വ.സെബാസ്റ്റ്യൻ പോളും ആവർത്തിച്ചു. ഈ വിധിയിൽ ഇനി അപ്പീൽ നൽകാൻ ആകില്ല, പുനഃപരിശോധനാ ഹർജി മാത്രമാണ് വഴി. വിധിയിൽ തെറ്റുണ്ടെന്ന് പ്രഥമദൃഷ്ഠ്യാ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ പുനഃപരിശോധനാ ഹർജി കോടതി പരിഗണിക്കൂവെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധി ആയതുകൊണ്ട് ഈ വിധിന്യായം അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വരുന്ന 99 ശതമാനം പുനഃപരിശോധനാഹർജികളും ചേംബറിൽ വച്ചുതന്നെ തള്ളിപ്പോകാറാണുള്ളതെന്ന് അഡ്വ.ഡി.ബി.ബിനു പറയുന്നു. അപൂർവം ചില ഹർ‍ജികൾ മാത്രമാണ് ഇത്തരത്തിൽ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കാനിരിക്കെ പുതിയതായി ചുമതലയേറ്റെടുക്കുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബഞ്ചിൽ ഉൾപ്പെടും. നിലവിലെ അംഗങ്ങൾ സ്വാഭാവികമായും ബഞ്ചിലുണ്ടാകും. പുതിയ ചീഫ് ജസ്റ്റിസിന്‍റെ നിലപാടും നിർണ്ണായകമാകും. അഞ്ച് ജഡ്ജിമാരിൽ നാല് പേരും ഏകസ്വരത്തിൽ എഴുതിയ വിധിന്യായം ആയതുകൊണ്ടാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കപ്പെടാനുള്ള സാധ്യത തുലോം തുച്ഛമാകുന്നത്. ഫലത്തിൽ ശബരിമല സ്ത്രീപ്രവേശന കേസിലെ സുപ്രീം കോടതി വിധി ഏറക്കുറെ അന്തിമം ആണെന്നാണ് നിയമവിദഗ്ധരുടെ ഏകാഭിപ്രായം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്