നിയമസഭയിലെ കയ്യാങ്കളി കേസ്: സഭയില്‍ ബഹളം

Web Desk |  
Published : Mar 07, 2018, 11:37 AM ISTUpdated : Jun 08, 2018, 05:51 PM IST
നിയമസഭയിലെ കയ്യാങ്കളി കേസ്: സഭയില്‍ ബഹളം

Synopsis

ബാർകോഴയുടെ പേരുപറഞ്ഞ് അന്ന് ഇടതു എംഎല്‍എമാര്‍ നടത്തിയ അതിക്രമങ്ങൾ ലോകം മുഴുവൻ കണ്ടതാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ച വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളികളുടെ പേരിലുള്ള കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഏകപക്ഷീയമായി കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നു. പ്രമേയം അവതരിപ്പിച്ച വിഡി സതീശനുമായി പ്രതിപക്ഷ എംഎല്‍എമാര്‍ കൊന്പ് കോര്‍ത്തതോടെ സഭയില്‍ വലിയ ബഹളമാണ് ഉണ്ടായത്. അതേസമയം കോടതിയുടെ അനുവാദത്തോടെ കേസ് പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 

ബാർകോഴയുടെ പേരുപറഞ്ഞ് അന്ന് ഇടതു എംഎല്‍എമാര്‍ നടത്തിയ അതിക്രമങ്ങൾ ലോകം മുഴുവൻ കണ്ടതാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ച വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. സഭയിൽ അംഗങ്ങള്‍ സ്പീക്കറെ വിളിക്കുന്നത് ചെയർ എന്നാണ്.  ആ ചെയര്‍ മറിച്ചിടുക  എന്നാല്‍ സ്പീക്കറെ മറിച്ചിടുന്നതിന് തുല്യമാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം ബഹളത്തിനിടെ വനിതാ എംഎല്‍എമാരെ കയറിപ്പിടിച്ച സംഭവത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്തുവോ എന്ന് ഇ.പി.ജയരാജന്‍ ചോദിച്ചു. ജയരാജൻ കസേരയെടുത്ത് മറിച്ചിട്ടത് ലോകം മുഴുവൻ കണ്ടെന്ന് ഇതിന് സതീശൻ  മറുപടി കൊടുത്തു. 

നാല് വനിതാ എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത് വസ്ത്രാക്ഷേപം ചെയ്തെന്നാരോപിച്ചാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതിനിടെ സതീശന്‍റെ പ്രസംഗത്തില്‍ വനിതാ എംഎല്‍എമാരെ അപമാനിച്ചെന്ന് ആരോപിച്ച് ഇ.എസ്.ബിജിമോള്‍ രംഗത്ത് വന്നു. പ്രസംഗത്തിനിടെ ബലാത്സംഗത്തിന് കേസു കൊടുത്തെന്ന സതീശന്‍റെ പരാമര്‍ശമാണ് ബിജി മോളുടെ പ്രതിഷേധത്തിന് കാരണമായത്. ബലാത്സംഗവും മാനഭംഗവും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആളാണോ സതീശനെന്ന് ബിജി മോള്‍ ചോദിച്ചു. 

ഇതേതുടര്‍ന്ന് അനാവശ്യ പദങ്ങൾ പ്രസംഗത്തിലുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചു. സതീശൻ സ്ത്രികൾക്കെതിരെ ഒരു പരാമർശവും നടത്തിയില്ലെന്ന് ചെന്നിത്തല വിശദീകരിച്ചു. 
വനിതാ അംഗങ്ങൾ കോടതിയിൽ നൽകിയ കേസിലെ കാര്യങ്ങൾ മാത്രമാണ് സതീശൻ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാതെ ഭരണപക്ഷഎംഎല്‍എമാര്‍ ബഹളം വച്ചു. മാനഭംഗത്തിനാണ് കേസെന്നും എന്നാല്‍ മറ്റൊരു പ്രയോഗമാണ് വിഡി സതീശൻ നടത്തിയതെന്നും അത്  ശരിയല്ലെന്നും നിയമമന്ത്രി ഏകെ ബാലൻ പറഞ്ഞു. 

എന്നാല്‍ ബലാത്സംഗം എന്ന ആരോപണം ആദ്യം ഉന്നയിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നുവെന്ന് സതീശന്‍ മറുപടി നല്‍കി. 
മാനഭംഗത്തിന് കേസെടുത്തെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍  സതീശന്റെ പരാമർശങ്ങൾ ഖേദകരമെന്ന് സ്പീക്കർ പറഞ്ഞു. വനിതാ അംഗങ്ങൾക്കും പരാതി പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ