ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവം; ന്യായീകരിച്ച് ത്രിപുര ഗവർണ്ണർ

By Web DeskFirst Published Mar 6, 2018, 3:25 PM IST
Highlights
  • ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്ത സംഭവം ന്യായീകരിച്ച് ത്രിപുര ഗവർണ്ണർ തഥാഗഥാ റോയ്
  • ഒരു ജനാധിപത്യ സർക്കാർ ചെയ്തത് മറ്റൊരു ജനാധിപത്യ സർക്കാരിന് റദ്ദാക്കാമെന്ന് ഗവർണ്ണർ

അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബെലോണിയയിലെ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവം ന്യായീകരിച്ച് ത്രിപുര ഗവർണ്ണർ തഥാഗഥാ റോയ്. 

ഒരു ജനാധിപത്യ സർക്കാർ ചെയ്ത കാര്യം മറ്റൊരു ജനാധിപത്യ സർക്കാരിന് റദ്ദാക്കാമെന്നാണ് ഗവർണ്ണർ ട്വിറ്ററിലൂടെ പ്രതികരിച്ചത്.  മുന്‍പ്, ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജീവ് ഗാന്ധി അടക്കമുള്ളവരുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവം സൂചിപ്പിച്ചുകൊണ്ടാണ് തഥാഗത് റോയ്യുടെ ട്വീറ്റ്.

'ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് റദ്ദാക്കാം'-  തഥാഗത് റോയ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ . മുന്‍കാലങ്ങളില്‍ ത്രിപുരയില്‍ മറ്റു പാര്‍ട്ടികളുടെ പ്രതിമകള്‍ തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2008ല്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ഉടന്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു.

What one democratically elected government can do another democratically elected government can undo. And vice versa https://t.co/Og8S1wjrJs

— Tathagata Roy (@tathagata2)

അതേസമയം, ലെനിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തില്‍ ബിജെപിയില്‍നിന്നുള്ള നിരവധി നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ത്രിപുരയിലെ ലെനിന്റെ പ്രതിമ നീക്കം ചെയ്തതു പോലെ തമിഴ്നാട്ടിൽ പെരിയാറിന്റെ ( ഇ.വി.ആർ ) പ്രതിമകൾ നീക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പ്രതികരിച്ചു. എച്ച് രാജക്കെതിരെ ഗുണ്ട ആക്ട് പ്രകാരം കേസെടുക്കണമെന്ന് ഡി.എം.കെ. ബിജെപി ദേശീയ ജനറള്‍ സെക്രട്ടറി രാം മാധവും ഇക്കാര്യത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. 'ജനങ്ങള്‍ ലെനിന്‍ പ്രതിമ തകര്‍ക്കുകയാണ്; റഷ്യയിലല്ല, ത്രിപുരയില്‍'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പിന്നീട് അദ്ദേഹം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

സൗത്ത് ത്രിപുര ബലോണിയ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. ബലോണിയയില്‍ കോളേജ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ബിജെപി പ്രവര്‍ത്തകരുടെ ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്.  വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമ തകര്‍ത്തത് എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നുണ്ട്.

 

click me!