
ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനവും സ്ഥലവും സര്‍ക്കാരിന് കൈമാറണമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നിര്‍ദ്ദേശം. കെട്ടിടത്തിന് സ്ഥലം അനുവദിച്ച നടപടി ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ റദ്ദാക്കി. അരവിന്ദ് കെജ്‍രിവാള്‍ എല്ലാ പ്രതീക്ഷയും തകര്‍ത്തെന്ന് ആണ്ണാ ഹസാരെ പ്രതികരിച്ചു
അരവിന്ദ് കെജ്‍രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ശുംഗ്ലു സമിതി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പാര്‍ട്ടി ഓഫിസിന് സ്ഥലം അനുവദിച്ചതെന്ന ശുംഗ്ലു സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കെട്ടിടവും സ്ഥലവും ഉടന്‍ സര്‍ക്കാരിന് കൈമാറണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി എ.എ.പി ആസ്ഥാനത്തിനു വേണ്ടി സ്ഥലം അനുവദിച്ച നടപടി റദ്ദാക്കി. കെജ്‍രിവാളിനെ ലോക്പാല്‍ സമര നേതാവ് അണ്ണാ ഹസാരെയും വിമര്‍ശിച്ചു. ഭരണഘടനാ ലംഘനം നടത്തി, ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തിയെന്ന ശുംഗ്ലു റിപ്പോര്‍ട്ട് മനോവേദനയുണ്ടാക്കി. കെജ്‍രിവാള്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ ഒരിക്കലും പിന്തുണക്കില്ല. കെജ്‍രിവാളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിച്ചതിന് ദൈവത്തിന് നന്ദി. മുഖ്യമന്ത്രിയായ ശേഷം കെജ്‍രിവാളിനെ കാണാന്‍ ശ്രമിച്ചിട്ടില്ല. അധികാരത്തിലെത്തിയപ്പോള്‍ കെജ്‍രിവാള്‍ പഴയ കാരണങ്ങളെല്ലാം മറന്നുവെന്നും അണ്ണാ ഹസാരെ വിമര്‍ശിച്ചു. ഈ മാസം 23ന് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കാനിക്കെയുണ്ടായ വിമര്‍ശനങ്ങളും ശുംഗ്ലു റിപ്പോര്‍ട്ടും ആം ആദ്മിയെ പ്രതിരോധത്തിലാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam