
ലയണല്‍ മെസി
സമകാലീന ഫുട്ബോളിലെ അതുല്യ പ്രതിഭ. ഫുട്ബോള്‍ ദൈവം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ പിന്‍ഗാമി എന്നറിയപ്പെടുന്ന മെസിയിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ കുടികൊള്ളുന്നത്. അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി കുഞ്ഞുനാള്‍ മുതല്‍ പന്തു തട്ടിത്തുടങ്ങി. എന്നാല്‍ വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണ്‍ പ്രശ്നം കുഞ്ഞുമെസിയെ ബാധിച്ചിരുന്നു. ഈ അസുഖത്തിന് ചികില്‍സ തേടി സ്പെയിനില്‍ എത്തിയതാണ് മെസിയുടെ കളിജീവിതത്തില്‍ നിര്‍ണായകമായത്. ചികില്‍സയ്ക്കിടെ മെസി കറ്റാലന്‍ ക്ലബായ ബാഴ്സലോണയുടെ സെലക്ഷന്‍ ട്രയല്‍സില്‍ വിജയിച്ചു.
തുടര്‍ന്ന് ഭാരിച്ച ചികില്‍സാചെലവും മറ്റും നല്‍കി മെസിയെ ബാഴ്സ ഏറ്റെടുക്കുകയായിരുന്നു. ബാഴ്സയിലെ ആദ്യകാല പരിശീലനത്തില്‍തന്നെ അത്യപൂര്‍വ്വ പ്രതിഭയാണ് മെസിയെന്ന് പരിശീലകര്‍ തിരിച്ചറിഞ്ഞു. 2004 ഒക്ടോബറില്‍ എസ്പന്യോളിനെതിരെയാമി ബാഴ്സയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റം. 2004-05 സീസണില്‍ ബാഴ്സ സ്പാനിഷ് ജേതാക്കളായപ്പോള്‍ അത് മെസിയുടെ ആദ്യ കിരീടമായി. തുടര്‍ന്നുള്ള ഓരോ സീസണുകളിലും ടീമിന്റെ ചാലകശക്തിയായി മെസി മാറി. മെസി തകര്‍പ്പന്‍ ഫോമില്‍ കളിച്ച 2008-09 സീസണില്‍ ക്ലബ് ലോകകപ്പ് ഉള്‍പ്പടെ ആറില്‍ ആറ് കിരീടവും ബാഴ്സ നേടി. നാലുതവണ തുടര്‍ച്ചയായി ലോകത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന്‍ ഡീ ഓര്‍ പുരസ്ക്കാരവും സ്വന്തമാക്കിയ മെസി, തന്റെ തലമുറയിലെ മികച്ച താരമെന്ന് വാഴ്ത്തപ്പെട്ടു. 2012ല്‍ ബാഴ്സയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോള്‍ എന്ന സെസാര്‍ റോഡ്രിഗസിന്റെയും(232) ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഗോള്‍ എന്ന ഗ്രെഡ് മുള്ളറുടെയും(91) എന്ന റെക്കോര്‍ഡും മെസി മറികടന്നു.
ശക്തി
മെസിയുടെ പന്തടക്കവും വേഗതയും അതുല്യമാണ്. മദ്ധ്യനിരയില്‍നിന്ന് പന്ത് കാലില്‍കൊരുത്ത് മുന്നേറുന്ന മെസിയെ പലപ്പോഴും എതിര്‍ പ്രതിരോധനിരയ്ക്ക് പിടിച്ചാല്‍ കിട്ടില്ല. ഒരുതരത്തിലുള്ള ടാക്ലിംഗിനും വിധേയനാകാതെ എതിരാളികളെ ട്രിബിള്‍ ചെയ്ത് മുന്നേറുമ്പോള്‍ മെസി കൂടുതല്‍ അപകടകാരിയാകുന്നു. പരമാവധി വേഗതയില്‍ ഓടുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണം നിലനിര്‍ത്താനുള്ള അസാമാന്യ കഴിവാണ് മെസിയെ എതിരാളികളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഫിനിഷിംഗിലും മെസിയുടെ മികവ് അപാരമാണ്.
ദൌര്‍ബല്യം
സഹകളിക്കാരില്‍നിന്ന് മികച്ച പിന്തുണയും ഒത്തിണക്കവും ലഭിച്ചില്ലെങ്കില്‍ മെസിക്ക് തിളങ്ങാനാകില്ല. ബാഴ്സയില്‍ സഹതാരങ്ങളുടെ പിന്തുണയാണ് മെസിയുടെ കരുത്ത്. എന്നാല്‍ അര്‍ജന്റീനന്‍ ടീമില്‍ മെസിക്ക് പിന്തുണയേകാന്‍ ഒരു ഇനിയസ്റ്റയുമില്ലാത്തത് അദ്ദേഹത്തിന്റെ കളിയെ ദുര്‍ബലമാക്കുന്ന ഘടകമാണ്.
അവര്‍ പറഞ്ഞത്
മെസിയാണ് എന്റെ മാറഡോണ- അര്‍ജന്റീനയുടെ പരിശീലകനായിരുന്നപ്പോള്‍ സാക്ഷാല്‍ ഡീഗോ അര്‍മാന്‍ഡോ മാറഡോണ മെസിയെപ്പറ്റി പറഞ്ഞത്.
ട്രിവിയ- അരങ്ങേറ്റ മല്‍സരത്തില്‍ ഹംഗറിക്കെതിരെ പതിനെട്ടാം മിനിട്ടില്‍ മൈതാനത്തെത്തിയ മെസിക്ക് പരിക്ക് മൂലം 47 സെക്കന്‍ഡിനുള്ളില്‍ കളംവിടേണ്ടിവന്നത് ദുരനുഭവമായി മാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam