
ദില്ലി: പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനമാണ് വർദ്ധന. നാലര വർഷത്തിന് ശേഷമാണ് ആർബിഐ അടിസ്ഥാന പലിശ നിരക്ക് കൂട്ടുന്നത്. ഇതോടെ ബാങ്കുകൾ ഭവന, വാഹന വായ്പാ പലിശ നിരക്കുകൾ ഉയരാനുള്ള സാധ്യതയേറി.
തുടർച്ചയായ ഇന്ധനവിലക്കയറ്റം, ഉയരുന്ന പണപ്പെരുപ്പം, ആഗോള വിപണികളിലെ മോശം സാഹചര്യം തുടങ്ങിയവ പരിഗണിച്ചാണ് ആർബിഐ ഗവർണർ അധ്യക്ഷനായ ധനനയ സമിതി പലിശ നിരക്ക് ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ 6 ശതമാനവുമായി ഉയർന്നു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ. വാണിജ്യ ബാങ്കുകളിൽ നിന്ന് ആർബിഐ കടമെടുക്കുന്പോൾ നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. 2013 ഡിസംബറിന് ശേഷം ആദ്യമായാണ് ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തുന്നത്.
നടപ്പ് സാന്പത്തിക വർഷത്തെ വളർച്ച അനുമാനം 7.4 ശതമാനമായി നിലനിർത്തി. ആർബിഐ പലിശ കൂട്ടിയതോടെ വാണിജ്യ ബാങ്കുകളും നിക്ഷേപ-വായ്പ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി. നോട്ടസാധുവാക്കലിന് ശേഷം നിക്ഷേപ പലിശ നിരക്ക് ആകർഷകമല്ലാത്തിനാൽ ബാങ്കുകളിലേക്ക് പണമെത്തുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ കൂടിയാണ് ആർബിഐ നടപടി. പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണികൾ മികച്ച നേട്ടത്തിലേക്കുയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam