മദ്യ വില്‍പ്പന കുറഞ്ഞു; പകരം കഞ്ചാവും ഹാഷിഷും ഒഴുകുന്നു, കേസുകളും ഇരട്ടിയായി

By Asianet NewsFirst Published Jul 15, 2016, 5:10 AM IST
Highlights

തിരുവനന്തപുരം: പുതിയ മദ്യ നയം വന്നശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞു. എന്നാല്‍, ലഹരി മരുന്നുകളുടെ ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കഞ്ചാവ്, ഹാഷിഷ്, ഹെറോയിന്, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ സംസ്ഥാനത്തേക്ക് കൂടുതലായി എത്തുന്നുവെന്നു കണ്ടെത്തിയതായും സര്‍ക്കാര്‍ പറയുന്നു.

2013 - 2014 വര്‍ഷത്തെ അപേക്ഷിച്ച് മദ്യ വില്‍പ്പനയില്‍ 20 ലക്ഷം കെയിസിന്റെ കുറവുണ്ടായതായി മന്ത്രി പറഞ്ഞു. അതേസമയം, ബിയര്‍, വൈന്‍ വില്‍പ്പന കൂടി. 61 ശതമാനം വര്‍ധനയാണ് ഈ ഇനത്തിലുണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

മദ്യ വില്‍പ്പനയുടെ കണക്ക് ഇങ്ങനെ
വര്‍ഷം മദ്യ വില്‍പ്പന
2013 - 2014 240.67 ലക്ഷം കെയ്‌സ്
2014 - 2015 220.58 ലക്ഷം കെയ്‌സ്
2015 - 2016 154.20 ലക്ഷം കെയ്‌സ്

 കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ലഹരി മരുന്ന് കേസുകളുടെ എണ്ണം ഇരട്ടിയായി. 2013 - 2014 വര്‍ഷം 860 കേസുകളായിരുന്നു എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ഈ വര്‍ഷം 1704 ആയി ഉയര്‍ന്നു. 

മയക്കുമരുന്ന് കേസുകള്‍
വര്‍ഷം കേസുകളുടെ എണ്ണം
2013 - 2014 860 
2014 - 2015 1021
2015 - 2016 1704

വേദന സംഹാരികളായ മരുന്നുകള്‍പോലും ലഹരിക്കായി ഉപയോഗിക്കുന്നു. മോര്‍ഫിന്‍, പെതഡിന്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഇവയുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

click me!