
പാലക്കാട്: ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് റെയിൽവെ ഡിവിഷനുകീഴിലെ ലോക്കോ പൈലറ്റുമാർ നിരാഹാര സമരത്തിൽ. നിലവിലെ സ്ഥിതി തുടർന്നാൽ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിക്കുമെന്നാണ് ലോക്കോ പൈലറ്റുമാർ പറയുന്നത്.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ആകേ വേണ്ടത് 616 ലോക്കോ പൈലറ്റുമാരാണ്. സർവ്വീസിലുളളത് 566 പേരാണ്. ജോലിയെടക്കുന്നവർക്ക് അധിക ഡ്യൂട്ടി ഒഴിഞ്ഞ നേരമില്ലെന്നിവർ പറയുന്നു. ഒഴിവുകൾ നികത്താൻ വിജ്ഞാപനമിറങ്ങി വർഷങ്ങളായിട്ടും നിയമന നടപടികൾ എങ്ങുമെത്തിയില്ലെന്നാണിവരുടെ പരാതി. നിലവിൽ ജോലിയെടുക്കുന്നവർക്ക് ആവശ്യത്തിന് വിശ്രമമോ അവധിയോ ഇല്ലാത്ത സാഹചര്യമാണുള്ളത്. വിശ്രമമില്ലാതെ തുടർച്ചയായി ട്രെയിൻ ഓടിക്കുന്നത്, ഗതാഗതത്തെ അപകടകരമായ രീതിയിൽ ബാധിക്കുമെന്നിവർ പറയുന്നു.
ജീവനക്കാരുടെ സ്ഥലംമാറ്റം, ചികിത്സ, അവധി എന്നിവയിൽ പോലും അധികൃതർ നിഷേധാത്മക സമീപനമാണ് പുലർത്തുന്നതെന്നാണ് സമരക്കാരുടെ ആരോപണം. ഇതുൾപ്പെടെയുളള നിലപാടിൽ പ്രതിഷേിച്ചാണ് പാലക്കാട് ഡിവിഷണൽ ഓഫീസിന് മുന്നിൽ രണ്ടുദിവസത്തെ നിരാഹാര സമരം. നിലവിൽ സർവ്വീസുകളെ ബാധിക്കാത്ത രീതിയിലാണ് സമരം. അനുകൂല തീരുമാനമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനാണ് ലോക്കോ പൈലറ്റുമാർ തയ്യാറെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam