പോസ്റ്റര്‍ വന്നത് പോലീസ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നതിനിടെ - നദീര്‍

By Jithi RajFirst Published Dec 17, 2017, 3:10 AM IST
Highlights

കോഴിക്കോട്: പോലീസ് നടപടിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നതിനിടെയാണ് തന്റെ പേരില്‍ ലുക്ക് ഔട്ട് പോസ്റ്ററുകള്‍ പരസ്യപ്പെടുത്തിയതെന്ന് നദീര്‍ അറിയിച്ചു. പോയ വര്‍ഷം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് നദീറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദമായതോടെ നദീറിന്റെ പേരില്‍ കേസില്ലെന്ന് ഡിജിപി തന്നെ നേരിട്ട് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് നദീറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരിക്കുന്നത്. 

പോലീസ് വേട്ടയില്‍ നിന്നും മോചനം തേടി താന്‍ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്ന് നദീര്‍ പറയുന്നു. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസില്‍ തനിക്കൊപ്പമുള്ള ആറ് പേരും ഒളിവിലുള്ളവരാണ് എന്നതിനാല്‍ തുടര്‍നടപടികള്‍ വൈകി.  ഈ കേസില്‍ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇതിനിടയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് - നദീര്‍ ഏഷ്യനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. 

ഈ പോസ്റ്റര്‍ നേരത്തെ തന്നെ വില്ലേജ് ഓഫീസടക്കമുള്ള സ്ഥലങ്ങളില്‍ ഒട്ടിച്ചതായി ചിലര്‍ എന്നെ അറിയിച്ചിരുന്നു. പ്രതിയല്ല എന്ന് ഡിജിപി പറഞ്ഞ ശേഷമാണ് തനിക്ക് കോടതിയില്‍ നിന്നും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള അറിയിപ്പ് വന്നത്. പോലീസില്‍ നിന്നും മറ്റു തരത്തില്‍ തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഈ രീതിയിലുള്ള പ്രവൃത്തികള്‍ ഒരു പൗരനെന്ന നിലയിലുള്ള തന്റെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് നദീര്‍ പറയുന്നു.
 

click me!