ലോറി പണിമുടക്ക്: സംസ്ഥാനത്ത് ചരക്ക് നീക്കം തടസപ്പെട്ടു

By Web DeskFirst Published Oct 9, 2017, 4:53 PM IST
Highlights

ചരക്ക് ലോറി ഉടമകളുടെ പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തും ചരക്ക് നീക്കം തടസ്സപ്പെട്ടു. ജിഎസ്‌ടി നടപ്പാക്കിയതിലെ അവ്യക്തത പരിഹരിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ഇന്ധന വിതരണത്തെ സമരം ബാധിച്ചിട്ടില്ല.

ലോറി ഉടമകളുടെ രാജ്യവ്യാപക പണിമുടക്കിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പലചരക്ക് പച്ചക്കറി സാധനങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞു.പഴം പച്ചക്കറി വിപണിയെയാണ് സമരം കാര്യമായി ബാധിച്ചത്. ഇന്ധനനീക്കത്തെ നിലവില്‍ സമരം വലിയതോതില്‍ ബാധിച്ചിട്ടില്ല. സര്‍വ്വീസ് നടത്തുന്ന ചരക്ക് ലോറികള്‍ തടയില്ലെന്ന്  ലോറി ഉടമകളുടെ സംഘടന അറിയിച്ചു. വാടകയില്‍ നിന്ന് 5 ശതമാനം ജിഎസ്‌‌ടി ഈടാക്കുന്നതില്‍ വ്യക്തതവരുത്തുക, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ചരക്ക് ലോറി ഉടമകള്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വാഹന പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അധിക്രമങ്ങള്‍ അവസാനിപ്പിക്കുക, അമിത ടോള്‍ നിര്‍ത്തുക, പഴയവാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും 28 ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉടമകള്‍ മുന്നോട്ട് വെക്കുന്നു. 40 ലക്ഷത്തോളം ചരക്ക് ലോറികളാണ് രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കുന്നത്.അതിനിടെ മോട്ടോര്‍ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്ന  കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 13ന് തിരുവന്തപുരത്ത് യോഗം ചേരും.

click me!