യുഎഇയിലെ ഫുജൈറ തുറമുഖത്ത് നടന്ന ആക്രമണത്തിൽ നിന്ന് ഇന്ത്യൻ പതാകയേന്തിയ ക്രൂഡ് ഓയിൽ ടാങ്കറായ ജഗ് ലാഡ്കി കഷ്ടിച്ച് രക്ഷപ്പെട്ടു. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായും അധികൃതർ അറിയിച്ചു. മറ്റ് ഇന്ത്യൻ കപ്പലുകളും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി റിപ്പോർട്ടുണ്ട്.
ദില്ലി: യുഎഇയിലെ ഫുജൈറ തുറമുഖത്ത് ശനിയാഴ്ച നടന്ന ആക്രമണത്തിൽ നിന്ന് ഇന്ത്യൻ പതാകയേന്തിയ ക്രൂഡ് ഓയിൽ ടാങ്കർ ജഗ് ലാഡ്കി കഷ്ടിച്ച് രക്ഷപ്പെട്ടു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുറമുഖത്തെ സിംഗിൾ പോയിന്റ് മൂറിംഗ് ടെർമിനലിൽ ക്രൂഡ് ഓയിൽ കയറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെ വ്യോമാക്രമണം ഉണ്ടായത്. കപ്പലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 10:30 ന് ഫുജൈറയിൽ നിന്ന് സുരക്ഷിതമായി യാത്ര തിരിച്ചുവെന്നും ഏകദേശം 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയും വഹിച്ചുകൊണ്ട് കപ്പൽ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണ, ബങ്കറിംഗ് കേന്ദ്രങ്ങളിലൊന്നായ ഫുജൈറ തുറമുഖത്ത് ശനിയാഴ്ച നിരവധി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും ഇതിനെ തുടർന്ന് വൻ തീപിടുത്തമുണ്ടായതായും ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച പ്രവർത്തനം പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്ര ചർച്ചകളെത്തുടർന്ന്, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇറാൻ അറിയിച്ചിരുന്നു. ഏകദേശം 92,712 മെട്രിക് ടൺ എൽപിജി വഹിക്കുന്ന രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് മാർച്ച് 16-17 തീയതികളിൽ എത്തുമെന്നും പെട്രോളിയം മന്ത്രാലയം ആവർത്തിച്ചു. ശനിയാഴ്ച യാതൊരു അപകടവും കൂടാതെ ഹോർമുസ് കടലിടുക്ക് കടന്നതിന് ശേഷം ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തും. ശിവാലിക് ആദ്യം എത്തും, ചൊവ്വാഴ്ച ഗുജറാത്തിലെ ദീൻദയാൽ തുറമുഖത്ത് നന്ദാദേവി നങ്കൂരമിടും.
