കണ്ണീരും കണക്കും തീര്‍ക്കാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും; മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ആവേശമാകും

By Web DeskFirst Published Jul 13, 2018, 11:06 AM IST
Highlights
  • ഇംഗ്ലീഷ് ടീമിലെ ചെറുപ്പക്കാർക്ക് മൂന്നാം സ്ഥാനവുമായി അടുത്ത ലോകകപ്പ് സ്വപ്നങ്ങൾ നെയ്ത് തുടങ്ങണം

മോസ്ക്കോ; ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാവാൻ ഇംഗ്ലണ്ടും ബെൽജിയവും ഇന്ന് നേർക്കുനേർ പോരാടും. ഗ്രൂപ്പ് ഘട്ടത്തിൽ എതിരിട്ടപ്പോള്‍ വിജയിച്ചതിന്‍റെ മുൻതൂക്കവുമായാണ് ബെൽജിയം കളത്തിലെത്തുന്നത്. അതേസമയം അന്നത്തെ പരാജയത്തിന്‍റെ കണക്ക് തീര്‍ക്കലാകും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ഒപ്പം കലാശക്കളിക്ക് ഇടം കണ്ടാത്താനാവാത്തതിന്‍റെ കണ്ണീര്‍ മായ്ച്ച് കളയാനും ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമാണ്.

ഫൈനലർഹിച്ചവരാണ് സെന്‍റ്പീറ്റേഴ്സ് ബർഗിൽ നാളെ അവസാന മത്സരത്തിനിറങ്ങുന്നത്. മൂന്നാം സ്ഥാനത്തിന് പകിട്ട് പോരെന്ന് അറിയാമെങ്കിലും കളിക്കാനിറങ്ങുന്നവർക്ക് ജയിച്ചേ പറ്റൂ. മൂന്നാം സ്ഥാനത്തിനായി മുൻപൊരിക്കൽ മാത്രം പോരാടിയ ചരിത്രം ഇംഗ്ലണ്ടിനും ബെൽജിയത്തിനുമുണ്ട്. മുൻ അനുഭവങ്ങളിൽ കിട്ടിയത് നാലാം സ്ഥാനം മാത്രം .

1990ൽ ഇറ്റലിയാണ് ഇംഗ്ലണ്ടിനെ നാലാം സ്ഥാനത്തേക്കിറക്കിയത്. 86ൽ ഫ്രാൻസിനോടായിരുന്നു മൂന്നാമനാവാനുള്ള പോരാട്ടത്തിൽ ബെൽജിയം തോറ്റത്. ചരിത്രത്തിന്‍റെ പുറകെപോയാൽ ഏറെ ആശ്വസിക്കാനില്ലാത്തതിനാൽ ഇരുവർക്കും ഈ ലോകകപ്പിലെ പ്രകടനം തന്നെയാണ് പ്രചോദനമാക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കു നേർ വന്ന മത്സരത്തിൽ ബെൽജിയം ഇംഗ്ലണ്ടിനെ തോൽപിച്ചു. പക്ഷെ രണ്ടാം നിര ടീമുകളെ ഇറക്കിയുള്ള കളിയെ മികച്ചെന്ന് പറയാനാകില്ല.

നാളെയാണ് യഥാർഥ ടീമുകൾ നേർക്കു നേർ വരുന്നത്. സെറ്റ് പീസിലാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ക്രൊയേഷ്യക്കെതിരെ സെമിയിൽ നേടിയതടക്കം 9 സെറ്റ് പീസ് ഗോളുകൾ ഇംഗ്ലണ്ട് അടിച്ചു കയറ്റി. പക്ഷെ അത് മാത്രം പോരെന്ന് സെമി ഇംഗ്ലണ്ടിനെ പഠിപ്പിച്ചിട്ടുണ്ടാവും. കോർട്വയുടെ കൈകൾക്ക് ഓരോ മത്സരവും കഴിയുംന്തോറും കരുത്തേറി വരികയാണ് .

ഓരോ മത്സരത്തിനും ഓരോ തന്ത്രങ്ങളാവിഷ്കരിക്കുന്ന കോച്ച് മാർട്ടിനസ് ഇംഗ്ലണ്ടിനെ പൂട്ടാൻ മറുമരുന്നൊരുക്കിയെന്ന് പറയുന്നു. ബെൽജിയത്തിന്‍റെ സുവർണ തലമുറയാണ് വിടവാങ്ങുന്നതെങ്കിൽ ഇംഗ്ലണ്ടിനങ്ങനെയല്ല. ഇംഗ്ലീഷ് ടീമിലെ ചെറുപ്പക്കാർക്ക് മൂന്നാം സ്ഥാനവുമായി അടുത്ത ലോകകപ്പ് സ്വപ്നങ്ങൾ നെയ്ത് തുടങ്ങണം.

click me!